ഞാനില്ലേ! മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് നേതൃയോഗത്തിൽ സതീശൻ
1 min read

പദവി ഉറപ്പിക്കാൻ പുതിയ തന്ത്രവുമായി സതീശനും സുധാകരനും. നേതൃമാറ്റം ആവശ്യപ്പെട്ട് മറുഭാഗം രംഗത്തെത്തിയതോടെയാണ് പുതിയ നീക്കം. മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് നേതൃയോഗത്തിൽ വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പദവി വേണ്ട അധികാരം പിടിച്ചാല്‍ മതിയെന്നാണ് സതീശൻ പറഞ്ഞത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് തന്നെക്കാള്‍ യോഗ്യതയുള്ളവരുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി കസേര ലക്ഷ്യമാക്കിയല്ല പദവിയില്‍ തുടരുന്നതെന്ന് കെ സുധാകരനും വ്യക്തമാക്കി. അതേസമയം കൂട്ടായ നേതൃത്വത്തിനെ അധികാരം പിടിക്കാനാകൂവെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്. അതിനിടെ നേതാക്കള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. നായകനാരെന്ന ചര്‍ച്ച വേണ്ടെന്നും ഹൈക്കമാന്‍ഡ് യോഗത്തില്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാന കോണ്‍ഗ്രസിലെ സമ്പൂര്‍ണ ഐക്യത്തിന് നേതാക്കളോട് ഹൈക്കമാന്‍ഡ് ആഹ്വാനം ചെയ്തതായി കെസി വേണുഗോപാല്‍ ഇന്നലെ അറിയിച്ചിരുന്നു. മാധ്യമങ്ങളില്‍ വ്യത്യസ്ത പ്രസ്താവനകളും ചിന്താഗതികളും നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് നിരീക്ഷിക്കുമെന്നും ശശി തരൂരിനെ മുന്നില്‍ നിര്‍ത്തി കെസി വേണുഗോപാല്‍ പറഞ്ഞു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞു തീര്‍ത്തതായി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
കൊച്ചുകേരളം പിടിച്ചടക്കാന്‍ ഒറ്റക്കെട്ടായി നീങ്ങുമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. അതേസമയം ഹൈക്കമാന്‍ഡ് തീരുമാനത്തിലെ അതൃപ്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനില്‍ വ്യക്തമായിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തോട് ഒരു പ്രതികരണവും നടത്താന്‍ അദ്ദേഹം തയ്യാറായില്ല. രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്കാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടന്നത്. കെ മുരളീധരനും മുല്ലപ്പളളി രാമചന്ദ്രനും യോഗത്തില്‍ നിന്നും വിട്ടുനിന്നു.
