ശബരിമല സന്നിധാനത്തെ മുറികൾ അതിവേഗം ബുക്ക് ചെയ്ത് പോയതിൽ തട്ടിപ്പുണ്ടോയെന്ന് പരിശോധിക്കും: കെ ജയകുമാർ.

ശബരിമല സന്നിധാനത്തെ മുറികൾ അതിവേഗം ബുക്ക് ചെയ്തത് പോയതിൽ തട്ടിപ്പുണ്ടോയെന്ന് പരിശോധിക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് ദേവസ്വം വിജിലൻസ് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തർക്ക് പകരം ഏജൻസികൾ മുറി ബുക്ക് ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ജയകുമാർ ചൂണ്ടിക്കാണിച്ചു. ദർശനത്തിന് എത്തുന്നവരല്ലാതെ മുറി ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 400 മുറികളാണ് ഓൺലൈനായി ബുക്ക് ചെയ്യാൻ സൗകര്യമുണ്ടായിരുന്നത്.ശബരിമല സന്നിധാനത്ത് മുറികൾ ഭക്തർക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം ഈ മാസം ആദ്യം മുതലാണ് പൂർണമായും ഓൺലൈനാക്കി മാറ്റിയത്. തുലാമാസ പൂജ മുതൽ 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്. നേരത്തെ 190 മുറികൾക്ക് മാത്രമായിരുന്നു ഈ നിലയിൽ മുറികൾ ഓൺലൈനായി ബുക്ക് ചെയ്ത് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നത്. ബാക്കി വരുന്ന 310 മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയാണ് ഭക്തർക്ക് അനുവദിച്ചിരുന്നത്. നിലവിൽ പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസ് ആയി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലും ഓൺലൈനായി പത്തു മുറികൾ ബുക്ക് ചെയ്യാനും അനുമതി നൽകിയിരുന്നു.ഇതിനിടെ സന്നിധാനത്ത് അരവണ നിർമാണം പുനരാരംഭിച്ചു. തുലാമാസ പൂജയ്ക്ക് അഞ്ച് ലക്ഷം ടിൻ അരവണ കരുതലുണ്ടാവുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ വ്യക്തമാക്കി.

