അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ്.

ചെന്നൈ: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും വിവാഹിതരാകുന്നു.തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസാണ് ഔദ്യോഗികമായി ഈ വാർത്ത പുറത്തുവിട്ടത്.കാവ്യയുടെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിൽ കണ്ട് വിവാഹ സൽക്കാരത്തിലേക്ക് ക്ഷണിച്ച വിവരം ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു.
സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും അദ്ദേഹത്തിന്റെ ഭാര്യ കാവേരി മാരനും മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ ജൂബിലി ഹിൽസിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കുകയും അവരുടെ മകൾ കാവ്യ മാരന്റെ വിവാഹ വിരുന്നിലേക്ക് ക്ഷണിക്കുകയും ചെയ്തു. അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യയുടേയും വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന വിരുന്ന് നവംബർ 21-ന് ചെന്നൈയിൽ നടക്കും”. -എക്സ് അക്കൗണ്ടിൽ പറയുന്നു.
കാവ്യ മാരന്റെയും അനിരുദ്ധ് രവിചന്ദറിന്റെയും വിവാഹ സൽക്കാരം നവംബർ 21-ന് ചെന്നൈയിൽ വെച്ച് നടക്കുമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.കുറച്ചുകാലമായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ സജീവമായിരുന്നു. ലാസ് വെഗാസിൽ ഇരുവരും ഒരുമിച്ച് അത്താഴവിരുന്നിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംശയങ്ങൾ ബലപ്പെട്ടത്. തുടർന്ന്, ഇരുവരുടെയും വിവാഹക്കാര്യം സംസാരിക്കാൻ അനിരുദ്ധിന്റെ അടുത്ത ബന്ധു കൂടിയായ നടൻ രജനികാന്ത് കലാനിധി മാരനുമായി കൂടിക്കാഴ്ച നടത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വന്നിരുന്നു.

