May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 20, 2025

തെരുവിന്റെ സന്തതിയായി മാറുന്ന കുഞ്ഞുങ്ങളെപ്പറ്റി കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫിയുമായി അരുൺ രാജ്

1 min read
SHARE

പൊക്കിൾകൊടി ബന്ധം അറുത്തുമാറ്റപ്പെടുന്ന നിമിഷം മുതൽ തെരുവിന്റെ സന്തതിയായി മാറുന്ന കുഞ്ഞുങ്ങളെപ്പറ്റി കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫിയുമായി തിരുവനന്തപുരം വാമനപുരം സ്വദേശി അരുൺ രാജ് ആർ നായർ. പ്രോഡക്ട് ഫോട്ടോഗ്രാഫി, ഫാഷൻ ഫോട്ടോഗ്രാഫി എന്നിവയെ അപേക്ഷിച്ച് വലിയ വെല്ലുവിളി നിറഞ്ഞ ഒന്നാണ് കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി. അനാഥത്വം ഇരുട്ടിലാക്കിയ കുഞ്ഞുങ്ങളെപ്പറ്റിയാണ് ഫോട്ടോഷൂട്ടിലൂടെ അരുൺ പറയാൻ ശ്രമിക്കുന്നത്. അമൃത, പ്രണവ്, കണ്ണകി, സായൂജ്യ എന്നിവരാണ് ഫോട്ടോഷൂട്ടിൽ അഭിനയിച്ചിരിക്കുന്നത്. സാധാരണ പോട്ടോ​ഗ്രാഫിയിൽ നിന്ന് വ്യത്യസ്തമായി തനിക്കെന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് പിന്നീട് കൺസപ്റ്റ് ഫോട്ടോഗ്രഫിയിലേക്ക് വഴി മാറിയതെന്ന് അരുൺ രാജ് ആർ നായർ പറയുന്നു. പലരും തുറന്നുപറയാൻ മടിക്കുന്ന വിഷയങ്ങളെയാണ് അരുൺ തന്റെ ചിത്രങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നത്. ഈ വ്യത്യസ്ത കൺസെപ്റ്റ് ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അരുൺ രാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്

ഒട്ടിയ വയറിനും ആരോരുമില്ലാത്തവർക്കും പറയാൻ ഒരായിരം കഥകളുണ്ട്. ജീവിതയാത്രയിൽ അവർ നേരിടേണ്ടിവന്ന കയ്പ്പേറിയ അനുഭവങ്ങളുടെ കണ്ണുനനയിക്കുന്ന ഒരായിരം കഥകൾ. പൊക്കിൾകൊടി ബന്ധം അറുത്തുമാറ്റപ്പെടുന്ന നിമിഷം മുതൽ തെരുവിന്റെ സന്തതിയായി മാറുന്ന എത്രയെത്ര ജീവനുകൾ നമുക്ക് ചുറ്റുമുണ്ട്. എല്ലാവരും ഉണ്ടായിട്ടും തെരുവിന്റെ മക്കളെന്ന് കാലം മുദ്രകുത്തിയവർ. സാഹചര്യങ്ങളാണ് ചിലപ്പോഴെങ്കിലും മനുഷ്യനെ കഠിനഹൃദയനാക്കുന്നത്. ജന്മം നൽകിയവർ തന്നെ ഇരുളിന്റെ മറവിൽ തങ്ങളുടെ കുഞ്ഞുങ്ങളെ തെരുവിലേക്ക് വലിച്ചെറിയുമ്പോൾ ആ കുഞ്ഞുങ്ങൾക്ക് നഷ്ടമാകുന്നത് അവരുടെ മേൽവിലാസം മാത്രമല്ല മറിച്ച് വർണചിറകുവിരിച്ച് പാറിപറക്കേണ്ട നിഷ്കളങ്ക ബാല്യം കൂടിയാണ്. ആർക്കും വേണ്ടാതെ അന്യന്റെ ദയവിനായി കാത്തിരിക്കുന്ന എത്രയോ ബാല്യങ്ങളുണ്ട്. ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കഴിയാതെ വിശപ്പിന്റെ വിളിയെ പച്ചവെള്ളത്തിൽ ശമിപ്പിക്കേണ്ടി വരുന്ന ഇരുളിന്റെ തടവറായാൽ അകപ്പെട്ടു പോകാറുള്ള എത്രയോ ജീവനുകൾ! അവർക്കു പറയാൻ ഒത്തിരിയൊത്തിരി സ്വപ്നങ്ങളുണ്ടാകും. അവരുടെ സ്വപ്നങ്ങൾക്ക് കൂട്ടായി നന്മയുടെ കരങ്ങൾ നീട്ടാൻ നമ്മൾ ഓരോരുത്തരും തയ്യാറാകുമ്പോഴാണ് അക്ഷരാർത്ഥത്തിൽ നാം ഓരോരുത്തരും നമ്മളിലെ ദൈവത്തെ തിരിച്ചറിയുന്നത്. അനാഥത്വം ഇരുട്ടിലാക്കിയവർക്കും നിറവേറ്റാൻ ആഗ്രഹങ്ങളും, മോഹങ്ങളുമൊക്കെയുണ്ടാകും. അതിലേക്കൊക്കെ എത്തിപ്പെടാനും ജീവിതത്തിന് തിളക്കം നൽകാനും അന്യന്റെ പാദരക്ഷകൾ വരെ തിളക്കമുള്ളതാക്കാൻ ശ്രമിക്കുന്ന പിഞ്ചുകൈകൾ. ഉറവവറ്റാത്ത ഒരു കൂട്ടം മനുഷ്യർ ഉള്ളതുകൊണ്ട് മാത്രം ഈ ഭൂമി സ്വർഗമാണെന്നുപറയാം. എന്നാൽ അഹംഭാവവും സ്വാർത്ഥതയും തലയ്ക്കുപിടിച്ച ഒരുവലിയ ജനാവലി തന്നെ നമ്മുടെ ലോകത്തുണ്ട്. സ്വർഗസുന്ദരമായ ഭൂമിയെ നരകതുല്യമാക്കുവാൻ ചില മനുഷ്യർക്ക് നിഷ്പ്രയാസം സാധിക്കും. തെരുവ് പട്ടികളെപറ്റി പോലും സംസാരിക്കാൻ മനുഷ്യനുള്ള ഈ നാട്ടിൽ തെരുവ് കുട്ടികളെപ്പറ്റി സംസാരിക്കാൻ ഒരു പട്ടിയുമില്ലെന്നുള്ള തിരിച്ചറിവിൽ നിന്നും തന്നെയാകട്ടെ ഇനിയും അവരുടെ ജീവിതം.