ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യക്കെതിരെ വധശ്രമത്തിന് കേസ്
1 min read

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. അയല്‍ക്കാരിയുടെ പരാതിയിലാണ് നടപടി.ഹസിന്‍ ജഹാനും അയല്‍ക്കാരുമായുള്ള തര്‍ക്കത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. അയല്‍പക്കത്ത് താമസിക്കുന്ന സ്ത്രീകളുമായി ഹസീന്‍ ജഹാന്‍ രൂക്ഷമായി കലഹിക്കുന്നത് വിഡിയോയില്‍ നിന്ന് വ്യക്തമാണ്.ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഹസിനും ആദ്യ വിവാഹത്തിലെ മകള്‍ ആര്‍ഷി ജഹാനും അയല്‍ക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം.അനധികൃതമായി ഭൂമി കയ്യേറാന്‍ ഹസിന്‍ ശ്രമിച്ചുവെന്നാണ് അയൽക്കാരുടെ ആരോപണം. അയല്‍വാസികള്‍ എതിര്‍ത്തതോടെ തര്‍ക്കം രൂക്ഷമാവുകയും കടുത്ത വഴക്കിലേക്ക് കടക്കുകയും ചെയ്യുകയായിരുന്നു.ഡാലിയ ഖാത്തൂണ്‍ എന്ന അയല്‍ക്കാരിയുടെ പരാതിയില്‍ ബിഎന്‍എസ് ആക്ട് പ്രകാരമാണ് ഹസിന്‍ ജഹാനെതിരെ വധശ്രമത്തിന് കേസെടുത്തത്. അനധികൃതമായി കയ്യേറ്റം ചെയ്ത സ്ഥലത്ത് ഹസീന്‍ നിര്‍മ്മാണ പ്രവര്‍ത്തികൾ നടത്തുന്നതിനെ തടയാന്‍ ശ്രമിച്ചതിന് മര്‍ദിച്ചുവെന്നാണ് അവരുടെ പരാതി.പരാതിയിൽ ഹസീനു പുറമെ ഇവരുടെ ആദ്യ വിവാഹത്തിലെ മകളായ ആര്‍ഷി ജഹാനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ദീര്‍ഘകാലമായി ഹസീന്‍ നിയമപരമായും വ്യക്തിപരമായും തർക്കം തുടരുകയാണ്. വര്‍ഷങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്.
അടുത്തിടെ ഷമിയുടെ മുന്‍ ഭാര്യ ഹസീനും മകള്‍ ഇറയ്ക്കും ജീവനാംശമായി മാസം നാല് ലക്ഷം രൂപ ഷമി നല്‍കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
