അറിഞ്ഞിരിക്കുക മഞ്ഞപ്പിത്തം ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
1 min read

മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) രോഗ ലക്ഷണങ്ങൾ ഉള്ളവർ ശാസ്ത്രീയ ചികിത്സ രീതികൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ അറിയിച്ചു.
ജലജന്യ രോഗങ്ങളിൽ പ്രധാനപെട്ടതാണ് ഹെപ്പറ്റൈറ്റിസ് എ. രോഗാണുക്കളാൽ മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് പകരുന്നത്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിൻ്റെ പ്രാരംഭലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിലും, ശരീരത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടാം. സാധാരണയായി രോഗലക്ഷണങ്ങൾ പ്രകടമാകാൻ 2 മുതൽ 6 ആഴ്ച വരെ എടുക്കും.
പ്രതിരോധ മാർഗങ്ങൾ
• നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഒരിക്കലും തിളച്ച വെള്ളത്തിൽ പച്ച വെള്ളം ചേർത്തു കുടിക്കരുത്
• പുറത്തു പോകുമ്പോൾ കയ്യിൽ ശുദ്ധമായ കുടിവെള്ളം കരുതുക
• ആഹാരസാധനങ്ങൾ ചൂടോടെ പാകം ചെയ്ത് കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്
• പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം ഉപയോഗിക്കുക
• ഈച്ച കടക്കാതെ ആഹാരസാധനങ്ങൾ അടച്ച് സൂക്ഷിക്കുക
• കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും വെൽക്കം ഡ്രിങ്ക് ഉണ്ടാക്കുകയാണെങ്കിൽ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക
• ആഹാരത്തിന് മുൻപും, ശുചിമുറി ഉപയോഗിച്ചതിന് ശേഷവും, രോഗീപരിചരണത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കൈകഴുകുക
- കിണർ ജലം മലിനമാകാതെ സൂക്ഷിക്കുക. ആരോഗ്യ പ്രവത്തകരുടെ നിർദ്ദേശാനുസരണം കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
