ഒരൊറ്റ ടീബാഗ് ചായയിലിടുമ്പോള്‍ ശരീരത്തിലെത്തുക കോടിക്കണക്കിന് മൈക്രോ പ്ലാസ്റ്റിക്ക്; പഠന റിപ്പോര്‍ട്ട് പുറത്ത്
1 min read

ചായപ്പൊടിയിട്ട് ചായ പാകെ ചെയ്യുന്നതിനേക്കാള്‍ സൗകര്യ പ്രദവും രുചികരവുമാണ് ടീ ബാഗുകള്‍ ഉപയോഗിക്കുന്നതെന്ന് പറയാറുണ്ട്. ആവശ്യാനുസരണം കടുപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്നതിനാല്‍ ഹോട്ടലുകളില്‍ വ്യാപകമായി ടീ ബാഗുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ ആരോഗ്യത്തിന് വലിയ ഭീഷണിയുണ്ടാക്കുമെന്ന് സൂചന നല്‍കുന്ന ഒരു പഠനഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരൊറ്റ ടീബാഗില്‍ തന്നെ കോടിക്കണക്കിന് മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉണ്ടെന്ന്. സ്‌പെയിനിലെ യൂണിവേഴ്‌സിറ്റി ഓഫ് ബാഴ്‌സലോണയാണ് ടീ ബാഗുകള്‍ ഓരോ കപ്പ് ചായയിലേക്കും കോടിക്കണക്കിന് മൈക്രോ പ്ലാസ്റ്റിക്കുകള്‍ വീഴാന്‍ കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവ കുടലിലെത്തുകയും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമെന്നും പഠനം പറയുന്നു. വിവിധ ബ്രാന്‍ഡുകളില്‍പ്പെട്ട പല ടീ ബാഗുകളും മൈക്രോപ്ലാസ്റ്റിക്കുകള്‍ ശരീരത്തിലെത്താന്‍ കാരണമാകുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. ചൂട് വെള്ളത്തില്‍ ടീ ബാഗുകള്‍ ഇടുമ്പോള്‍ വലിയ അളവില്‍ നാനോ വലിപ്പത്തിലുള്ള കണങ്ങളും നാനോഫിലമെന്റസ് ഘടനകളും ചായയിലെത്തുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ബാഴ്‌സലോണയിലെ പഠനസംഘം കണ്ടെത്തി. നൈലോണ്‍-6, പോളിപ്രൊഫൈലിന്‍, സെല്ലുലോസ് എന്നീ പോളിമറുകള്‍ ഉപയോഗിച്ചാണ് ഗവേഷണത്തിന് ഉപയോഗിച്ച ടീ ബാഗുകള്‍ നിര്‍മിച്ചത്. പോളിപ്രൊഫൈലിന്‍ ഒരു മില്ലി ലിറ്ററിന് ഏകദേശം 1.2 ബില്യണ്‍ നാനോ പ്ലാസ്റ്റിക്ക് പുറത്തുവിടുന്നു. സെല്ലുലോസ് ഒരു മില്ലിലിറ്ററിന് ഏകദേശം 135 ദശലക്ഷം പ്ലാസ്റ്റിക് കണങ്ങളും നൈലോണ്‍-6 ഒരു മില്ലിലിറ്ററിന് 8.18 ദശലക്ഷം മൈക്രോപ്ലാസ്റ്റിക്കുകളും പുറത്തുവിടുന്നതായി പഠനത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
