പുൽപ്പള്ളിയിൽ വൻ സംഘർഷം; പൊലീസിനും എംഎൽഎമാർക്കും നേരെ കുപ്പിയേറ്, ലാത്തിച്ചാർജ്, ഒടുവില്‍ നിരോധനാജ്ഞ

1 min read
SHARE

വയനാട്: വയനാട്ടിൽ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ വനംവകുപ്പ് നടപടിയുണ്ടാകാത്തതിനെതിരെ അണപൊട്ടി ജന രോഷം. കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്ന പാക്കം സ്വദേശി പോളിന്‍റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ ജനക്കൂട്ടം മണിക്കൂറുകൾ പ്രതിഷേധിച്ചു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പുൽപള്ളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.പ്രതിഷേധക്കാര്‍ വനംവകുപ്പിന്‍റെ ജീപ്പ് തടഞ്ഞു. വാഹനത്തിന് മുകളിൽ വനം വകുപ്പിന് റീത്ത് വച്ചു. ടയറിന്‍റെ കാറ്റഴിച്ചു വിട്ടു. റൂഫ് വലിച്ചു കീറി. കേണിച്ചിറയിൽ കടുവ പിടിച്ച പശുവിന്‍റെ ജഡം ജീപ്പിന് മുകളിൽ കെട്ടിവച്ചു. പൊലീസ് വാഹനവും തടഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പോളിന്റെ ആശ്രിതർക്ക് സർക്കാർ ജോലി, അർഹമായ ധനസഹായം എന്നിവ ഉറപ്പാക്കണം എന്നാണ് ആവശ്യം. ശുപാർശ പറ്റില്ലെന്നും ഉറപ്പ് വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. വ്യക്തമായ ഉറപ്പ് കിട്ടാതെ പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മൃതദേഹവുമായി പ്രതിഷേധിക്കുന്ന സ്ഥലത്ത് എത്തിയ എംഎൽഎമാർക്ക് നേരെ ജനം കുപ്പിയെറിഞ്ഞു. തടയാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലും കസേരയുമെറിഞ്ഞു. പിന്നാലെ പൊലീസ് ലാത്തിചാർജ് നടത്തി.

അതിനിടെ, പ്രതിഷേധക്കാർ തമ്മിലും കയ്യാങ്കളി ഉണ്ടായി. സ്ഥലത്തെത്തിയ ടി സിദ്ദിഖ്, ഐസി ബാലകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചു. നേതാക്കളെ കൂക്കി വിളിച്ചു. പ്രതിഷേധം യുഡിഎഫ് എംഎൽഎമാർക്ക് നേരെ തിരിക്കാൻ രാഷ്ട്രീയകളി ഉണ്ടെന്ന് ടി സിദ്ദിഖ് ആരോപിച്ചു. അതേസമയം, തങ്ങളെ അറിയിക്കാതെയാണ് മൃതദേഹവുമായി പ്രതിഷേധം നടത്തിയതെന്ന ആരോപണവുമായി പോളിന്റെ ബന്ധുക്കൾ രംഗത്തി. നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും അഞ്ച് കിലോമീറ്റര്‍ ദൂരം പിന്നിട്ട് വീട്ടില്‍ എത്തിക്കാവുന്ന മൃതദേഹം 15 കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചാണ് വീട്ടില്‍ എത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.