കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് തുടങ്ങി, ആദ്യം അത്താണിയിലെ കുടുംബ വീട്ടില്‍

1 min read
SHARE

കൊച്ചി:കളമശ്ശേരി സ്ഫോടന കേസിലെ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. ആദ്യം പ്രതിയുടെ ആലുവ അത്താണിയിലുള്ള കുടുംബ വീട്ടിലാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് ആലുവയിലെ അത്താണിയിലെ കുടുംബ വീട്ടില്‍ പ്രതിയെ എത്തിച്ചത്. വലിയ പൊലീസ് സുരക്ഷയിലാണ് പ്രതിയെ ഇവിടേക്ക് എത്തിച്ചത്. അത്താണിയിലെ കുടുംബവീട്ടിലാണ് ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. അത്താണി കുടുംബ വീട്ടില്‍ ആരും താമസിച്ചിരുന്നില്ല. ഇവിടെ ഉടമസ്ഥനായ ഡൊമിനിക് മാര്‍ട്ടിന്‍ വന്നുപോകുന്ന സമീപവാസികളുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചശേഷം സ്ഫോടനം നടത്തിയ അന്ന് പുലര്‍ച്ചെ ഈ വീടിന്‍റെ ടെറസില്‍ വെച്ചാണ് ബോംബ് ഉണ്ടാക്കുന്നതെന്നാണ് പ്രതിയുടെ മൊഴി.

 

ദേശീയ പാതയോട് തൊട്ടുചേര്‍ന്ന ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള ഇരുനില വീട്ടിലാണ് പൊലീസ് പ്രതിയുമായി എത്തി തെളിവെടുപ്പ് നടത്തിയത്. ബോംബ് നിര്‍മാണത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുകയും നിര്‍മിക്കുകയും ചെയ്ത സ്ഥലമായതിനാല്‍ നിര്‍ണായകമാണ് അത്താണിയിലെ തെളിവെടുപ്പ്. ഇവിടെ വെച്ച് ബോംബ് ആദ്യം പരീക്ഷിച്ചിരുന്നോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. അത്താണിയിലെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം കളമശ്ശേരിയിലെ സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്‍ററിലെത്തിച്ച് പ്രതിയെ തെളിവെടുക്കും. ഇതിനുശേഷമായിരിക്കും പ്രതി താമസിച്ചിരുന്ന തമ്മനത്തെ വീട്ടില്‍ തെളിവെടുപ്പ് നടത്തുക. കൊച്ചി ഡിസിപി എസ് ശശിധരന്‍റെ നേതൃത്വത്തിലുല്ള അന്വേഷണ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നത്.