കണ്ണൂരിലെ ബസ് അപകടം; മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു
1 min read

കണ്ണൂർ തോട്ടടയിൽ ബസ് അപകടത്തിൽ മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി അഹമ്മദ് സാബിക്ക്(28) ആണ് മരിച്ചത്. മണിപ്പാലിൽ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന കല്ലട ബസ്സും എതിർദിശയിൽ വന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ 24 പേർക്ക് പരുക്കേറ്റു. അർദ്ധരാത്രി പന്ത്രണ്ടരയോട് കൂടിയാണ് അപകടമുണ്ടായത്. കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ തോട്ടായിലായിരുന്നു അപകടം. മത്സ്യം കയറ്റി വരികയായിരുന്ന മിനി ലോറിയുമായി കൂട്ടിയിടിച്ച് കല്ലടയുടെ സ്ലീപ്പർ ബസ് മറിയുകയായിരുന്നു. ബസ് യാത്രക്കാരനായ അഹമ്മദ് സാബിക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് കണ്ണൂർ ചാലയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോൾ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരി നീതു പറഞ്ഞു. ബസും ലോറിയും അമിത വേഗത്തിലെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അപകടകാരണത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പു പൊലീസും അന്വേഷണം ആരംഭിച്ചു.
