വയനാടിനായി കരുതല്‍, ശാരീരിക വെല്ലുവിളി നേരിടുന്ന പത്ത് വയസ്സുകാരി സിഎംഡിആര്‍എഫിലേക്ക് തന്റെ സ്വര്‍ണ പാദസ്വരങ്ങള്‍ സംഭാവന ചെയ്തു
1 min read

വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ധനപ്രവാഹങ്ങള്‍ ഒഴുകുമ്പോള്‍ വയനാടിന് സ്നേഹ സമ്മാനവുമായി മുഖ്യമന്ത്രിയ്ക്ക് അരുകിലെത്തിയ കൊച്ചുമിടുക്കി ശ്രദ്ധേയയായി. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന പെരിന്തല്‍മണ്ണ സ്വദേശിയായ 10 വയസ്സുകാരി പെണ്‍കുട്ടിയാണ് തന്റെ മാതാപിതാക്കള്‍ക്കൊപ്പമെത്തി സിഎംഡിആര്‍എഫിലേക്ക് തന്റെ സ്വര്ണപാദസ്വരങ്ങള് അവരുടെ സഹായത്തോടെ സംഭാവന ചെയ്തത്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഈ കുട്ടിയ്ക്ക് അടിയന്തര സഹായമായി മരുന്ന് ആവശ്യമായി വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് മുന്‍കൈ എടുത്താണ് അന്ന് ഈ കുട്ടിയ്ക്ക് മലപ്പുറം പെരിന്തല്‍മണ്ണയിലുള്ള വീട്ടില്‍ മരുന്ന് എത്തിച്ചു നല്‍കിയത്. അന്നു മുതല്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നന്ദി പറയാനുളള ഒരവസരത്തിനായി ദമ്പതികള്‍ കാത്തിരിക്കുകയായിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ മകളുടെ സ്വര്‍ണപാദസ്വരം സംഭാവന ചെയ്യാന്‍ ഇരുവരും തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മകളുമായി എത്തി സ്വര്‍ണ പാദസ്വരം മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയത്.
