ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസ്: സംഘത്തെ നിയന്ത്രിച്ചിരുന്നത് മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിംഗ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യസൂത്രധാരൻ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി ആണെന്നാണ് വിവരം. മലപ്പുറം സ്വദേശിയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്നാണ് അറസ്റ്റിലായ ശ്രീഹരിയുടെ മൊഴി. ഒളിവിൽ പോയ ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ച സംഘത്തിൽ അഞ്ചിലധികം പേർ ഉണ്ടെന്നാണ് വിവരം. കോളേജിലെ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും അടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് കണ്ടെത്തൽ.
ഇവർ മാത്രം അംഗങ്ങളായ ഗ്രൂപ്പിൽ മോർഫ് ചെയ്‌ത നിരവധി ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പേരുടെ അറസ്റ്റ് ഉടനുണ്ടാകും എന്നാണ് വിവരം. ഫോട്ടോ പ്രചരിപ്പിച്ചത് പതിനായിരത്തോളം പേർ അംഗങ്ങളായ ടെലഗ്രാം ഗ്രൂപ്പിൽ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പിൽ മറ്റ് കോളേജുകളിലെ വിദ്യാർത്ഥികളും അംഗങ്ങളാണ്. അതിനാൽ തന്നെ മറ്റു കോളേജ് വിദ്യാർഥികളിലേക്കും അന്വേഷണം നീളും എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ശ്രീഹരിയുടെയും പൂർവ്വ വിദ്യാർത്ഥിയുടെയും മൊബൈൽ ഫോണുകൾ വിശദമായി പരിശോധിക്കും എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
സംഭവത്തെ അതീവ ഗുരുതരം ആയാണ് കാണുന്നതെന്ന് വനിതാ ശിശു സംരക്ഷണ വകുപ്പ് മന്ത്രി ബിന്ദുകൃഷ്‌ണ പറഞ്ഞു. സർക്കാർ വിഷയം ഗൗരവത്തിലെടുക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്കാണ് പ്രധാന പരിഗണന എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യക പദ്ധതികൾ അടുത്തമാസം ആവിഷ്കരിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
ഇന്നലെയാണ് ശ്രീഹരിയെ തൃക്കാകര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരത് മാതാ
കോളേജിലെ കെഎസ്യൂ മീഡിയ കമ്മിറ്റി അംഗമായിരുന്ന ശ്രീഹരിയെ സംഘടനയിൽ
നിന്നും പുറത്താക്കിയതായി കെഎസ്യു അറിയിച്ചിരുന്നു. പ്രതിയായ വിദ്യാർത്ഥിയെ ഒന്നാം
തീയതി തന്നെ പുറത്താക്കിയിരുന്നുവെന്നും പരീക്ഷ എഴുതിച്ചെന്ന ആരോപണം
അടിസ്ഥാനരഹിതമാണെന്നും ഭാരത് മാതാ കോളേജ് പ്രിൻസിപ്പൽ സൗമ്യ
പ്രതികരിച്ചിരുന്നു.
ഫോണിൽ പകർത്തിയ ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയക്കുകയും മോർഫ് ചെയ്ത ഫോട്ടോകൾ ടെലഗ്രാമിൽ തിരിച്ച് അയച്ചതിൻ്റെയും തെളിവുകൾ ഫോൺ പരിശോധിച്ചതിൽ നിന്നും ലഭിച്ചിട്ടുണ്ട്. പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർത്ഥികളാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ച പ്രത്യേക ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്.

