September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

ഇരിക്കുന്ന പദവിയുടെ മഹത്വം വിസ്മരിക്കുന്നു’; അധ്യാപക ദിനത്തില്‍ വിസിമാര്‍ക്ക് വിമര്‍ശനവുമായി റോജി എം ജോണ്‍

SHARE

അധ്യാപക ദിനത്തില്‍ വിസിമാര്‍ക്കെതിരെ വിമര്‍ശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍, ഇരിക്കുന്ന പദവിയുടെ മഹത്വം വിസ്മരിക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി വിമര്‍ശിച്ചു. വിഭജന അജണ്ടകള്‍ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ചുരുങ്ങുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. വിദ്യാഭ്യാസ മേഖലയുടെയും അധ്യാപനത്തിന്റെയും അന്തസത്തയെ ആണ് ഇത് ചോദ്യം ചെയ്യുന്നതെന്നും റോജി എം ജോണ്‍ അധ്യാപക ദിനാശംസ പോസ്റ്റില്‍ വിമര്‍ശിച്ചു.സ്വതന്ത്ര ചിന്തയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ആസ്ഥാനങ്ങളാകേണ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍, ഇരിക്കുന്ന പദവിയുടെ മഹത്വം വിസ്മരിച്ച് വിഭജന അജണ്ടകള്‍ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് സ്വയം ചുരുങ്ങുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. അക്കാദമിക് സ്വയംഭരണത്തിന്റെ പ്രിവിലേജിനെ ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് മുന്നില്‍ അടിയറവ് വെക്കുന്ന ഇത്തരം പ്രവണതകള്‍ വിദ്യാഭ്യാസ മേഖലയുടെയും അധ്യാപനത്തിന്റെയും അന്തസത്തയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്’, റോജി എം ജോണ്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അധികാരത്തിന്റെ ഉന്നതപീഠങ്ങളേക്കാള്‍ അധ്യാപനത്തിന്റെ നന്മയില്‍ വിശ്വസിച്ച, തന്റെ ജന്മദിനം വ്യക്തിപരമായി ആഘോഷിക്കുന്നതിന് പകരം രാജ്യത്തെ മുഴുവന്‍ അധ്യാപകര്‍ക്കുമായി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതി Dr. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ സ്മരണയില്‍ ഇന്ന് അധ്യാപക ദിനം നമ്മള്‍ ആചരിക്കുകയാണ്.
നാലു ചുമരുകള്‍ക്കുള്ളിലെ അക്ഷരക്കൂട്ടങ്ങള്‍ക്കപ്പുറം വിശാലമായ ലോകത്തെ ക്ലാസ്സ്മുറിയാക്കി മാറ്റിയ രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനും വിശ്വഭാരതിയും മുതല്‍, അവസാന ശ്വാസം വരെ യുവമനസ്സുകളോട് സംവദിച്ച്, ഒരു അധ്യാപകനായി മാത്രം മണ്ണോടുചേരാന്‍ കൊതിച്ച APJ അബ്ദുല്‍ കലാം ഉള്‍പ്പടെയുള്ളവര്‍ സ്വപ്നം കാണാനും ആകാശത്തോളം ചിറകടിച്ചുയരാനുമുള്ള ധൈര്യമാണ് തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കിയത്. ക്ലാസ് മുറികള്‍ക്കകത്തും പുറത്തും ചിന്തയുടെ കൊടുങ്കാറ്റ് വിതച്ച സാഗരഗര്‍ജനം സുകുമാര്‍ അഴീക്കോടും, കാവ്യഭാഷ കൊണ്ട് വിസ്മയം തീര്‍ത്ത ONVയും, ചരിത്രത്തെ ഹൃദയത്തോട് ചേര്‍ത്ത് MGS നാരായണനും, അക്ഷരങ്ങളെ ആത്മാവോട് ചേര്‍ത്തുവെച്ച പ്രൊഫ. M ലീലാവതിയും, അങ്ങനെ അങ്ങനെ പ്രൗഢഗംഭീരമായ ആ ശ്രേണി കേരളത്തിലും തുടര്‍ന്നു. ഇവരൊക്കെയും ചോദിക്കാനും, കലഹിക്കാനും, തിരുത്താനും, തിരുത്തിക്കാനുമുള്ള ആര്‍ജവമാണ് പകരാന്‍ ശ്രമിച്ചത്. അതേസമയം തന്നെ ഹൃദയവിശാലതയും മനുഷ്യത്വവുമാണ് പഠിപ്പിക്കാന്‍ ശ്രമിച്ചത്.
ഒരു സ്റ്റാഫ് റൂമിനകത്തിരുന്ന് ഒരു വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചും ആക്ഷേപിച്ചും ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചവര്‍ അധ്യാപനം എന്നതിന്റെ അന്തഃസത്ത തിരിച്ചറിയാതെ പോയവരാണ്. മാനവികതയുള്ള മനുഷ്യരെ ക്ലാസ്മുറികളില്‍ നിന്ന് നിര്‍മിച്ചെടുക്കലാണ് അധ്യാപനത്തിന്റെ ഉത്തരവാദിത്വമെന്ന് അവര്‍ തിരിച്ചറിയാതെ പോയി. തലമുറകളെ വിവേചനമില്ലാതെ ചേര്‍ത്തുപിടിക്കാനുള്ള സാമൂഹിക ഉത്തരവാദിത്വമാണ് ഓരോ അധ്യാപകന്റെയും പ്രഥമ ചുമതലയെന്ന് ഓര്‍മ്മിപ്പിക്കാന്‍ കൂടിയാവണം ഈ ദിനം.
സ്വതന്ത്ര ചിന്തയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ആസ്ഥാനങ്ങളാകേണ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍, ഇരിക്കുന്ന പദവിയുടെ മഹത്വം വിസ്മരിച്ച് വിഭജന അജണ്ടകള്‍ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് സ്വയം ചുരുങ്ങുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. അക്കാദമിക് സ്വയംഭരണത്തിന്റെ പ്രിവിലേജിനെ ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് മുന്നില്‍ അടിയറവ് വെക്കുന്ന ഇത്തരം പ്രവണതകള്‍ വിദ്യാഭ്യാസ മേഖലയുടെയും അധ്യാപനത്തിന്റെയും അന്തസ്സത്തയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്.
അറിവുകൊണ്ട് ഇരുട്ടിനെ അകറ്റി, ഭരണഘടനാ മൂല്യങ്ങളെയും മാനവികതയെയും നെഞ്ചോട് ചേര്‍ക്കാന്‍ പഠിപ്പിക്കുന്ന എല്ലാ പ്രിയപ്പെട്ട അധ്യാപകര്‍ക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകള്‍