സോളാർ കേസിൽ ഗണേഷ് കുമാറിന് എതിരായ സിബിഐ റിപ്പോർട്ട്; വിഷയം സഭയിൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി
1 min readസോളാർ കേസിലെ കെബി ഗണേഷ് കുമാറിന് എതിരെയുള്ള വെളിപ്പെടുത്തലിൽ അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉച്ചയ്ക്ക് ഒരു മണിക്കാണ് ചർച്ച. പരാതിക്കാരി ആവശ്യപ്പെട്ട പ്രകാരമാണ് സോളാർ കേസിൽ അന്വേഷണം സിബിഐയെ ഏൽപ്പിച്ചതെന്നും സിബിഐ കോടതിവിധി സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന കാര്യം മാത്രമേ സർക്കാരിന് അറിയൂവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇതിന് നിയമസഭയിൽ സർക്കാർ മറുപടി പറയണം എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മറുപടി പറയാൻ സാധിക്കില്ല. എന്നാലും വിഷയത്തിൽ ചർച്ച ആകാമെന്നാണ് മുഖ്യമന്ത്രി നിലപാട് എടുത്തത്. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാറും ബന്ധു ശരണ്യ മനോജും ഗൂഡാലോചന നടത്തിയെന്ന് സിബിഐ റിപ്പോർട്ട് വന്നിരുന്നു. എന്നാലിത് ശരണ്യ തള്ളിയിരുന്നു. പരാതിക്കാരി എഴുതിയ യഥാർത്ഥ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലെന്നും ഇക്കാര്യം താൻ തന്നെ സിബിഐയിൽ പറഞ്ഞതാണെന്നും, പിന്നെങ്ങനെയാണ് തന്റെ പേര് സിബിഐ ഗൂഡാലോചനയിൽ ഉൾപ്പെടുത്തിയതെന്നും ശരണ്യ ചോദിച്ചു. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ, പരാമർശമോയില്ലായിരുന്നെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമാണ് സി.ബി.ഐ കണ്ടെത്തൽ. പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കൈവശപ്പെടുത്തുകയായിരുന്നുവെന്നും ശരണ്യ മനോജ് നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നുമാണ് സിബിഐ പറയുന്നത്. ഈ കണ്ടെത്തലിനെതിരെയാണ് നിലവിൽ ശരണ്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്.