കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ വിതരണം ചെയ്തത് ബിജെപി ഓഫീസിൽ; വിവാദം

കാസര്‍കോടിന് പിന്നാലെ കോട്ടയത്തും കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ബിജെപി ഓഫീസില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. സേവാ സ്പര്‍ശം എന്ന പേരില്‍ വയോജനങ്ങള്‍ക്കുള്ള സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ വയോശ്രീ പദ്ധതിയുടെ ഭാഗമായുള്ള ഉപകരണങ്ങളാണിവ. ബിജെപി കോട്ടയം ഈസ്റ്റ്, വെസ്റ്റ് ജില്ലാ കമ്മിറ്റികളാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര പദ്ധതികളെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന വിമർശനം ഇതോടെ ശക്തമായിരിക്കുകയാണ്.കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയില്‍ ലിജിന്‍ ലാലും വെസ്റ്റ് ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി അശോകന് കുളനടയുമാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഷോണ്‍ ജോര്‍ജാണ് വിതരണം ഉദ്ഘാടനം ചെയ്തത്. സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങളെ പാര്‍ട്ടിയുടെ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.

