October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 18, 2026

പഞ്ചസാര വ്യാപാരികളുടെ സ്റ്റോക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍; പൂഴ്ത്തിവെപ്പ് തടയുന്നതിനാണ് നടപടി

SHARE

രാജ്യത്തെ വിപണികളില്‍ പഞ്ചസാരയുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനായി പഞ്ചസാര വ്യാപാരികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്റ്റോക്കിന് പരിധി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. പഞ്ചസാര പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും നിയന്ത്രിക്കുന്നതിനായാണ് നടപടി. പഞ്ചസാര വ്യാപാരികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്റ്റോക്ക് പരിധി സര്‍ക്കാര്‍ 4,000 ക്വിന്റലില്‍ നിന്ന് 2,000 ക്വിന്റലായി കുറച്ചു. പുതിയ പരിധി 2026 സെപ്റ്റംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.

 

പുതുക്കിയ സ്റ്റോക്ക് പരിധി 2026 നവംബര്‍ 30 വരെ തുടരുമെന്ന് ചൊവ്വാഴ്ച കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം അറിയിച്ചു. പുതിയ വ്യവസ്ഥകള്‍ പ്രകാരം, പഞ്ചസാര വ്യാപാരികള്‍ക്ക് ലഭിച്ച തീയതി മുതല്‍ 30 ദിവസത്തില്‍ കൂടുതല്‍ സ്റ്റോക്ക് സൂക്ഷിക്കാന്‍ കഴിയില്ല. രാജ്യത്ത് എവിടെയും ഏത് സമയത്തും 2,000 ക്വിന്റലില്‍ കൂടുതല്‍ പഞ്ചസാര കൈവശം വയ്ക്കാനും അനുവദിക്കില്ല.

എന്നാല്‍ കൊല്‍ക്കത്തയിലും വിപുലീകരിച്ച മെട്രോപൊളിറ്റന്‍ മേഖലകളിലും നിലവിലുള്ള 4,000 ക്വിന്റല്‍ പരിധി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. പ്രദേശത്തിന്റെ പ്രത്യേക വിതരണ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഈ ഇളവ്. ഉത്തര്‍പ്രദേശില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ് കൊല്‍ക്കത്തയിലേക്ക് പഞ്ചസാര എത്തുന്നത്. തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഇന്ത്യയിലേക്ക് ഇത് വിതരണം ചെയ്യുന്നു. അതിനാല്‍ വിതരണ ശൃംഖലയിലൂടെയുള്ള പഞ്ചസാരയുടെ സുഗമമായ നീക്കം ഉറപ്പാക്കുന്നതിനാണ് കൊല്‍ക്കത്തയിലെ ഉയര്‍ന്ന സ്റ്റോക്ക് പരിധി നിലനിര്‍ത്തുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

 

രാജ്യത്തെ പഞ്ചസാര വ്യാപാരികള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 4,000 ക്വിന്റല്‍ സ്റ്റോക്ക് പരിധി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. അമിതമായ സ്റ്റോക്ക് ശേഖരണവും വിലയിലെ അസ്ഥിരതയും തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ പരിധി വീണ്ടും കുറച്ചത്. പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും നിരുത്സാഹപ്പെടുത്തുന്നതിനൊപ്പം വിതരണ ശൃംഖലയിലൂടെ പഞ്ചസാരയുടെ സുഗമമായ നീക്കം ഉറപ്പാക്കുകയും ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയില്‍ പഞ്ചസാര ലഭ്യമാക്കുകയുമാണ് നടപടിയുടെ ലക്ഷ്യം.

രാജ്യത്തുടനീളം പഞ്ചസാര മില്ലുകള്‍, വ്യാപാരികള്‍, ഡീലര്‍മാര്‍ എന്നിവരുടെ സ്റ്റോക്കുകള്‍ നിരീക്ഷിക്കുകയും സര്‍ക്കാര്‍ നേരിട്ടുള്ള പരിശോധന നടത്തുകയും ചെയ്ത്‌വരികയാണ്.

പരിശോധനയില്‍ ചിലയിടങ്ങളില്‍ അനുവദനീയമായ പരിധിയേക്കാള്‍ അധികം സ്റ്റോക്ക് സൂക്ഷിക്കുന്നതായും വില്‍പ്പനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. വിപണിയിലെ ലഭ്യത മെച്ചപ്പെട്ടതും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മൂലം കഴിഞ്ഞ ദിവസങ്ങളില്‍ മില്ല് തലത്തില്‍ പഞ്ചസാര വില ഏകദേശം 20 ശതമാനം കുറഞ്ഞിട്ടുണ്ട്. ചില്ലറ വില്‍പ്പന വിലയിലും കുറവിന്റെ സൂചനകള്‍ പ്രകടമാണ്. വിലയിലെ ഇടിവ് ചില്ലറ വിലയിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.