September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 2, 2026

എല്ലാം AI-യ്ക്ക് സാധ്യമല്ല, മനുഷ്യരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ കമ്പനി; 900 കോടിരൂപ മാറ്റിവെക്കും

SHARE

മനുഷ്യന് മാത്രമുള്ള പ്രത്യേക കഴിവുകൾ മികച്ച രീതിയിൽ പ്രകടിപ്പിക്കുന്ന ജീവനക്കാർക്ക് ലക്ഷക്കണക്കിന് ഡോളർ ബോണസ് നൽകി ആദരിക്കാൻ പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യങ് (ഇ.വൈ). എല്ലാ മേഖലകളിൽ നിർമിതബുദ്ധി (എഐ) ആധിപത്യം പുലർത്തി തുടങ്ങുന്നതിനിടെയാണിത്.മികച്ച തീരുമാനമെടുക്കൽ, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്, നേതൃഗുണം, മറ്റുജീവനക്കാരുമായുള്ള സഹകരണം എന്നിവയിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നവർക്ക് പാരിതോഷികം നൽകുന്നതിനായി 10 കോടി ഡോളർ (ഏകദേശം 900 കോടി രൂപ) മാറ്റിവെക്കുമെന്നാണ് ബിഗ് ഫോർ കൺസൾട്ടിങ് സ്ഥാപനങ്ങളിൽ ഒന്നായ കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.ജോലിസ്ഥലത്ത് എഐക്ക് പകരം വെക്കാനാവാത്തതും മനുഷ്യർക്ക് മാത്രം അവകാശപ്പെടാനാകുന്നതുമായ കഴിവുകളെയാണ് ആദരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. നൂതന സാങ്കേതികവിദ്യ സ്വീകരിക്കുക മാത്രമല്ല, അർഥവത്തായ രീതിയിൽ അത് ഉപയോഗിക്കുകയും ചെയ്യുന്ന ജീവനക്കാരെ ആദരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കമ്പനി കൂട്ടിച്ചേർത്തു. ഇ.വൈ യു.എസ് (EY US) പുതിയ റിവാർഡ് പ്രോഗ്രാം ഓഗസ്റ്റ് 31-നാണ് പ്രഖ്യാപിച്ചത്. സ്ഥാപനത്തിൻ്റെ സംസ്‌കാരത്തിന് മികച്ച സംഭാവനകൾ നൽകുന്ന ജീവനക്കാരെയും ഈ പരിപാടിയിലൂടെ ആദരിക്കും.
തൊഴിലിടങ്ങളിൽ എഐ വലിയ മാറ്റങ്ങൾ കൊണ്ടുവരുകയും ജോലികൾ വേഗത്തിൽ മാറ്റിമറിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണിത് എന്നതാണ് ശ്രദ്ധേയം. പതിവ് ജോലികൾ ചെയ്യാനും വിവരങ്ങൾ വിശകലനം ചെയ്യാനും ഉത്പാദനക്ഷമത വർധിപ്പിക്കാനും നിലവിൽ കമ്പനികൾ കൂടുതലായി എഐ ഉപയോഗിക്കുന്നുണ്ട്. എന്നാൽ കമ്പനികൾക്ക് മുന്നേറാൻ സാങ്കേതികവിദ്യ മാത്രം പോരാ എന്ന് ഇ.വൈ പറയുന്നു. എഐ ടൂളുകളെ മനുഷ്യർക്ക് മാത്രമുള്ള കഴിവുകളുമായി സംയോജിപ്പിക്കാൻ കഴിയുന്നവരെ പ്രോത്സാഹിപ്പിക്കാനാണ് സ്ഥാപനം ആഗ്രഹിക്കുന്നത്.ബോണസ് പദ്ധതി എങ്ങനെയാണ് പ്രവർത്തിക്കുക?
10 കോടി ഡോളറിൻ്റെ റിവാർഡ് പ്രോഗ്രാമിന് മൂന്ന് വിഭാഗങ്ങൾ ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും ജീവനക്കാരുടെ പ്രകടനത്തിന്റെയും അവർ ഉണ്ടാക്കുന്ന സ്വാധീനത്തിൻ്റെയും അടിസ്ഥാനത്തിൽ അവർക്ക് പ്രതിഫലം നൽകും.
1. നേതൃഗുണം
ടീമുകളെ നയിക്കാനും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും ദൈനംദിന ജോലികളിൽ നേതൃത്വം നൽകാനും മിടുക്ക് കാട്ടുന്ന ജീവനക്കാർക്ക് ഈ വിഭാഗത്തിൽ പാരിതോഷികം ലഭിക്കും.
2. നൂതന ആശയങ്ങൾ
ഈ വിഭാഗത്തിൽ പുതിയ ആശയങ്ങൾ, സാങ്കേതികവിദ്യ, ബിസിനസ്സ് വളർച്ച, മെച്ചപ്പെടുത്തലുകൾ എന്നിവയിലൂടെ യഥാർത്ഥ മാറ്റം കൊണ്ടുവരുന്ന ജീവനക്കാർക്ക് പ്രതിഫലം നൽകും.3. ശ്രദ്ധേയമായ നേട്ടങ്ങൾ
ശ്രദ്ധേയവും ശാശ്വതവുമായ സ്വാധീനം ചെലുത്തുന്ന ജോലികൾ ചെയ്യുന്ന ജീവനക്കാർക്കോ ടീമുകൾക്കോ പാരിതോഷികം നൽകുന്നതിന് വേണ്ടിയാണ് ഈ വിഭാഗം.
ഈ ബോണസ് പ്രോഗ്രാം മുതിർന്ന ജീവനക്കാർക്ക് മാത്രമുള്ളതല്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. സ്ഥാപനത്തിലെ ഉടനീളമുള്ള ഉദ്യോഗസ്ഥർക്ക് നല്ല ജോലി ചെയ്യുന്ന സഹപ്രവർത്തകരെ തിരിച്ചറിയാൻ അവസരം ലഭിക്കും. ജീവനക്കാർക്ക് 500 ഡോളർ വരെ സ്പോട്ട് ബോണസ് ലഭിക്കുമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം വലിയ നേട്ടങ്ങൾക്ക് പിന്നിലുള്ള വ്യക്തികൾക്കോ ടീമുകൾക്കോ 25,000 ഡോളർ വരെയുള്ള അവാർഡുകൾ നേടാം.
ജീവനക്കാരുടെ മികച്ച ടീമിനെ കെട്ടിപ്പടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് കമ്പനി പറയുന്നു. ജീവനക്കാർ എഐ ഉപയോഗിക്കാൻ പഠിക്കണമെന്ന് കമ്പനി പറയുന്നു. എന്നാൽ അതോടൊപ്പം തന്നെ അവർ മികച്ച കഴിവുകൾ വളർത്തിയെടുക്കണമെന്നും കമ്പനി ആഗ്രഹിക്കുന്നു.