സൗജന്യമായി സ്റ്റൈപന്റോടെ ചുമർചിത്രകല പഠിക്കാം, ഭക്ഷണവും താമസവും ഫ്രീ; പ്ലസ് ടു യോഗ്യത

ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് സ്‌റ്റൈപ്പൻഡോടെ ചുമർചിത്ര പഠനത്തിൽ ഡിപ്ളോമ നേടാൻ അവസരം. പഞ്ചവർഷ നാഷണൽ ഡിപ്ളോമ കോഴ്സിൽ 5 സീറ്റ് ഒഴിവുണ്ട്. വിദ്യാർത്ഥികൾക്ക് സൗജന്യ താമസവും ഭക്ഷണവും പ്രതിമാസം ആയിരം രൂപാ സ്റ്റൈപ്പൻഡും ലഭിക്കും. ഡിപ്ലോമ കോഴ്സിലെ ഒഴിവുള്ള 5 സീറ്റിലെ പ്രവേശനത്തിന് ഹിന്ദുമതത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ ചുമർചിത്രകലാ പഠന കേന്ദ്രങ്ങളിൽ പ്രമുഖസ്ഥാനമാണ് ഗുരുവായൂരിനുള്ളത്. ഇവിടെ നിന്ന് നിരവധി പ്രഗൽഭരായ ചിത്രകാരന്മാർ പുറത്തുവന്നിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കീഴിൽ ഗുരുവായൂർ അമ്പലത്തിന് സമീപം ഈസ്റ്റ് നടയിൽ പ്രവർത്തിക്കുന്ന ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൃൂറൽ പെയിന്റിങ്ങിലാണ് കേരളീയ ചുമർചിത്രകല അഭ്യസിപ്പിക്കുന്നത്. 1989-ൽ മാമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ നേതൃത്വത്തിൽ തുടങ്ങിയ സ്ഥാപനമാണിത്. പരമ്പരാഗത ഗുരുകുല സമ്പ്രദായത്തിലാണ് പഠനം. 5 വർഷത്തെ നാഷണൽ ഡിപ്ലോമ കോഴ്സ് ആണിത്. ഇതിൽ ആദ്യ 2 വർഷം ഫൈൻ ആർട്സ് പഠനമാണ്. അടുത്ത 3 വർഷം കേരളീയ ചുമർചിത്രകലയിൽ പ്രത്യേക പരിശീലനം നൽകും.തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ താമസവും ഭക്ഷണവും പ്രതിമാസം ആയിരം രൂപ സ്റ്റൈപ്പൻഡും ദേവസ്വം നല്‌കും. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 01.01.2026 ന് 17 നും 26 നും മധ്യേയാകണം. അഭിരുചി പരീക്ഷ, കൂടിക്കാഴ്‌ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.തെരഞ്ഞെടുക്കപ്പെടുന്നവർ നിശ്ചിത മാതൃകയിലുള്ള കരാർ ദേവസ്വത്തിൽ നല്‌കണം. അപേക്ഷഫോറം നേരിട്ട് ഗുരുവായൂർ ദേവസ്വം ഓഫീസിലും, കിഴക്കേ നടയിലെ എന്ന ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ നിന്നും, ദേവസ്വം വെബ്സൈറ്റിൽ നിന്നും 01.10.2026 മുതൽ 22.10.2026 വരെ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ 680101 എന്ന വിലാസത്തിലോ സമർപ്പിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31.10.2026.
വിശദ വിവരങ്ങൾ ദേവസ്വം ഓഫീസ്, ദേവസ്വം ചുമർചിത്ര പഠന പഠനകേന്ദ്രം എന്നിവിടങ്ങളിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ടും 0487 – 2556335, Extn.515,251, 235,248 എന്നീ ടെലിഫോൺ നമ്പറുകൾ വഴിയും ലഭിക്കുന്നതാണ്.

