‘കള’ത്തിലെ അതിഥിയായി ചെസ് പ്രതിഭ ആരാധ്യ; അനുമോദനവുമായി ജില്ലാ കലക്ടര്‍

മൂന്ന് മിനുറ്റിനുള്ളില്‍ ഏഴോളം നീക്കങ്ങള്‍. ഒടുവില്‍ ചെക്ക്… പതിവ് തിരക്കുകള്‍ക്കിടയില്‍ ജില്ലാ കലക്ടറുടെ ചേംബര്‍ അല്‍പ്പനേരത്തേക്ക് ചെസ് കളിയുടെ വേദിയായി. അന്താരാഷ്ട്ര ചെസ് പ്രതിഭ ആരാധ്യ കൊമ്മേരിയുടെ അതിവേഗ നീക്കങ്ങള്‍ക്കിടയില്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ചെക്ക് വഴങ്ങുകയായിരുന്നു. കുഞ്ഞുപ്രായത്തിലെ നേട്ടങ്ങള്‍ തുടരാനാവട്ടെയെന്നും രാജ്യത്തിന് അഭിമാനമായി മാറട്ടെയെന്നും ജില്ലാ കലക്ടര്‍ ആശംസിച്ചു. ഫിഡ റേറ്റിങ്ങില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ചെസ് പ്രതിഭ അഞ്ചരക്കണ്ടി ശ്രീപഥത്തിലെ ആരാധ്യ കൊമ്മേരി രജനീഷും കുടുംബവുമായിരുന്നു ഇത്തവണ പ്രതിവാര സംവാദം കളം പരിപാടിയിലെ അതിഥികള്‍. ചെറുപ്രായത്തില്‍ തന്നെ ചതുരംഗത്തില്‍ അസാധാരണ മുന്നേറ്റം നടത്തിയ ആരാധ്യയെ ജില്ല കലക്ടറും സഹപ്രവര്‍ത്തകരും ഓഫീസിലേക്ക് വരേവറ്റു. മലേഷ്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ്, അഞ്ച് സ്വര്‍ണ്ണമെഡല്‍, ഒരു വെങ്കല മെഡല്‍, അരീന കാന്‍ഡിഡേറ്റ് മാസ്റ്റര്‍, തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നായി നേടിയ മെഡലുകള്‍ അണിഞ്ഞാണ് ആരാധ്യ കളക്ടര്‍ക്ക് മുമ്പിലെത്തിയത്. സഹോദരനും ചെസ്സ് കളിക്കാരനുമായ ആദേശ് കൊമ്മേരിയും അച്ഛന്‍ രജനീഷും അമ്മ വീണയും മുത്തശ്ശി വസന്തയും ആരാധ്യക്കൊപ്പമുണ്ടായിരുന്നു.
നാല് തവണ സംസ്ഥാന ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 7 വിഭാഗത്തില്‍ ആരാധ്യ ചെസ് ചാമ്പ്യനായിരുന്നു. ദേശീയ അണ്ടര്‍ 7 വിഭാഗത്തിലും 148 താരങ്ങളോട് മത്സരിച്ച് ആരാധ്യ ഏഴാം സ്ഥാനത്ത് എത്തി. ദേശീയ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം തുടങ്ങി നിരവധി നേട്ടങ്ങളും ഈ പ്രതിഭയെ തേടിയെത്തി. കഴിഞ്ഞ വാരം മുഖ്യമന്ത്രി വി ഡി സതീശനോടൊപ്പം ചെസ് കളിച്ച് ആരാധ്യ ശ്രദ്ധേ നേടിയിരുന്നു. ഇത്തവണത്തെ പ്രതിവാര കളം സംവാദത്തിലെത്തിയ പള്ളിക്കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും കസ്തൂര്‍ബ ജൂബിലി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും ചെസ്സിലെ ഈ താരപ്രതിഭ പ്രചോദനമായി. ഗ്രാമസഭകള്‍ അടക്കമുള്ള നാട്ടിലെ പ്രധാന ചര്‍ച്ചകളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യുവാക്കളുടെ സാന്നിധ്യം അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. എങ്കില്‍ മാത്രമേ പദ്ധതി ആസൂത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവരുടെ ആവശ്യങ്ങള്‍ ഉര്‍ന്നുവരികയുള്ളൂ. പുതുതലമുറയ്ക്ക് കൃഷിയോടുള്ള താല്‍പര്യക്കുറവിന്റെ കാരണങ്ങളെ കുറിച്ചും വിദ്യാര്‍ഥികളുമായി സംസാരിച്ചു. കാര്‍ഷികവൃത്തിയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറുകയെന്നത് പ്രധാനമാണ്. ഹൈടെക് കൃഷി രീതികളിലൂടെ മികച്ച നേട്ടം കൊയ്യുന്ന നിരവധി പേര്‍ നമ്മുടെ ചുറ്റിലുമുണ്ട്. ഈ മേഖലയിലെ സാധ്യതകളും അവസരങ്ങളും പിന്തുടരാന്‍ വിദ്യാര്‍ത്ഥികല്‍ക്ക് കഴിയണം. ഉയരങ്ങള്‍ കീഴടക്കാനുള്ള കരുത്ത് നേടാന്‍ വിദ്യാഭ്യാസവും അനുഭവങ്ങളും നമ്മെ സഹായിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, എഡിഎം കെ ബാലഗോപാലന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ കെ രാജേഷ് ഖന്ന തുടങ്ങിയവര്‍ സന്നിഹിതരായി. ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ്് ടീം അംഗങ്ങള്‍ കുട്ടികള്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കി.
ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം; ആറ് പരാതികള്‍ സ്വീകരിച്ചു
കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ത്രൈമാസ ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട അഴിമതി പരാതികളും വിവരങ്ങളും പൊതുജനങ്ങളില്‍നിന്ന് നേരിട്ട് സ്വീകരിച്ചു. ലഭിച്ച ആറ് പരാതികളില്‍ വിജിലന്‍സ് സ്വഭാവമുള്ള പരാതികള്‍ വിജിലന്‍സ് ഡയറക്ടറേറ്റിലേക്കും ബാക്കിയുള്ളവ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്കും കൈമാറാന്‍ യോഗം തീരുമാനിച്ചു. കഴിഞ്ഞ യോഗത്തില്‍ ലഭിച്ച 12 പരാതികളില്‍ വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി വിജിലന്‍സ് ഡിവൈഎസ്പി എം ടി ജേക്കബ് അറിയിച്ചു. വിജിലന്‍സ് സ്വഭാവമുള്ള രണ്ട് പരാതികള്‍ കേസും രജിസ്റ്റര്‍ ചെയ്തു. കിന്‍ഫ്ര വ്യവസായ പാര്‍ക്ക് നിര്‍മാണത്തിനായി ഏറ്റെടുത്ത 17 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട് വ്യാജ ആധാരം സമര്‍പ്പിച്ച് മറ്റൊരാള്‍ക്ക് അവകാശം കൈമാറിയെന്ന പരാതിയില്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസ് ഉദ്യോഗസ്ഥനെതിരെയാണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്. പട്ടാന്നൂര്‍, കീഴല്ലൂര്‍ വില്ലേജുകളില്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്ക് നിര്‍മാണത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് അനര്‍ഹര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിച്ചെന്ന പരാതിയിലും കേസെടുത്തു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം കെ ബാലഗോപാല്‍, വിജിലന്‍സ് ഡിവൈഎസ്പി എം ടി ജേക്കബ്, വിജിലന്‍സ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി എസ് ഭാവിഷ്, മറ്റ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

