സഹോദരിക്ക് നിരന്തരം മർദനം; സഹോദരി ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി
1 min read

ആലപ്പുഴ പൂച്ചാക്കലിൽ സഹോദരി ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി. അരൂക്കുറ്റി ചക്കാലി നികത്തിൽ റിയാസ് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സഹോദരൻ റെനീഷ്, പിതാവ് നാസർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മരിച്ച റിയാസും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രിയും വഴക്കും മർദനവും ഉണ്ടായി. പിന്നാലെ വീടിനടുത്തുള്ള സുഹൃത്ത് നിബുവിന്റെ വീട്ടിൽ റിയാസ് എത്തി. വിവരമറിഞ്ഞു അവിടേക്ക് വന്ന ഭാര്യയുടെ സഹോദരൻ റനീഷും പിതാവ് നാസറും റിയാസുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ച് റിയാസിനെ റെനീഷ് മർദിച്ചു. നാസറും ഒപ്പമുണ്ടായിരുന്നു. മർദിച്ച ശേഷം പിൻവാങ്ങിയ റെനീഷിനെ റിയാസ് വീണ്ടും വെല്ലുവിളിച്ചു. ഇതോടെ കൂടുതൽ മർദിക്കുകയും കൈയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
