കുസാറ്റ് ദുരന്തം: പ്രിൻസിപ്പലും രണ്ട് അധ്യാപകരും പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു

1 min read
SHARE

കുസാറ്റ് ദുരന്തത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ മൂന്ന് പ്രതികളാണുള്ളത്. മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹു, അധ്യാപകരായ ഗിരീഷ് കുമാര്‍ തമ്പി, എന്‍ ബിജു എന്നിവരാണ് പ്രതികള്‍. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

2023 നവംബര്‍ 25നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. കുസാറ്റിലെ എഞ്ചിനീയറിങ് വിഭാഗം സംഘടിപ്പിച്ച സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 4 പേര്‍ മരിക്കുകയായിരുന്നു.

 

കുസാറ്റ് ദുരന്തത്തിന്റെ ഉത്തരവാദി അന്നത്തെ പ്രിന്‍സിപ്പലാണെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. പരിപാടിയുടെ ഉത്തരവാദിത്വം പൂര്‍ണമായും കുട്ടികളെ ഏല്‍പ്പിച്ചതാണ് ദുരന്തത്തിന് കാരണമായത്. സംഭവിച്ചത് സംവിധാനങ്ങളുടെ പരാജയമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രജിസ്ട്രാറോട് സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി അന്ന് നിര്‍ദേശം നല്‍കിയിരുന്നു.

ആയിരം പേര്‍ക്ക് പങ്കെടുക്കാന്‍ ആകുന്ന ഓഡിറ്റോറിയത്തില്‍ നാലായിരത്തോളം പേര്‍ തള്ളിക്കയറിയതാണ് ദുരന്തത്തിന്റെ മുഖ്യകാരണമെന്ന് കൊച്ചി എസിപിയുടെ റിപ്പോർട്ടിലുണ്ടായിരുന്നു. സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ക്യാമ്പസിന് പുറത്ത് നിന്നും ആളുകള്‍ എത്തി. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തത് സംഘാടക പിഴവായി. ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിര്‍മാണത്തിലെ അപാകതയും അപകടത്തിന് കാരണമായെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.