January 23, 2026

എറണാകുളത്ത് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ അറസ്റ്റിൽ; ഫേസ് ക്രീം മാറ്റിവെച്ചതിന് ക്രൂരമർദനം.

SHARE

ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അമ്മയെ മർദിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ നിവിയ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ 19നാണ് സംഭവം നടന്നത്. സരസു എന്ന 70 വയസുകാരിയെ ആണ് മകൾ 30വയസുകാരി നിവിയ അതിക്രൂരമായി മർദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ചതിന് ശേഷം കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ലൊടിച്ചു എന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിവിയയുടെ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് പറയുന്നത്, ഇവർ നേരത്തെ ഒരു കൊലപാതക കേസിൽ പ്രതിയാണ് എന്നാണ്. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും ഒരു ലഹരിക്കേസിലും പ്രതിയാണ്. ക്രിമിനൽ പശ്ചാത്തലമാണ് നിവിയക്ക് ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇവർ നിരന്തരമായി അമ്മയുമായി പ്രശ്നമുണ്ടാക്കാറുണ്ട്. സംഭവത്തിന് ശേഷം അമ്മ പൊലീസിൽ പരാതി നൽകി. കേസെടുത്തു എന്ന് അറിഞ്ഞതോടെ നിവിയ ഒളിവിൽ പോയി. വയനാട് മാനന്തവാടിയിൽ നിന്നാണ് പനങ്ങാട് പൊലീസ് നിവിയയെ കസ്റ്റഡിയിലെടുത്തത്. പിടിയിലാകുന്ന സമയത്ത് 10 വയസുള്ള കുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. കൂടുതൽ കടുത്ത നടപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്നാണ് സൂചന.