കൊടുവള്ളിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് നിരവധി കേസുകളിലെ പ്രതി, വീണ് മരിച്ചതെന്ന് സംശയം

1 min read
SHARE

കോഴിക്കോട്: കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫിൻ്റേതെന്ന് പൊലീസ്. 25 വയസായിരുന്നു യൂസഫിന്റെ പ്രായം. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും മോഷണ ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു. ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റര്‍ അകലെ മിനി സിവിൽ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തിയത്.നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ തറയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടി നിന്നിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളിയുടേതാവും മൃതദേഹമെന്നാണ് പൊലീസ് സംശയിച്ചത്. എന്നാൽ അന്വേഷണം നടത്തിയ ശേഷമാണ് മരിച്ചത് കൊടുവള്ളി സ്വദേശി യൂസഫാണെന്ന് തിരിച്ചറിഞ്ഞത്. കൊടുവള്ളി പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി പരേതന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.