കർണാടക വ്യവസായി മുംതാസ് അലിയുടെ മരണം; മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ

1 min read
SHARE

കർണാടകയിലെ മംഗളൂരുവിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലയാളി യുവതിയും ഭർത്താവും അറസ്റ്റിലായി. ബി എം മുംതാസ് അലിയുടെ ആത്മഹത്യയുമായി  ബന്ധപ്പെട്ട് മലയാളികളായ റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഉൾപ്പെട്ട സംഘം മുംതാസ് അലിയെ നഗ്ന ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുംതാസ് അലിയുടെ സഹോദരൻ ഹൈദർ അലിയാണ് പൊലീസിൽ പരാതി നൽകിയത്. നഗ്ന ദൃശ്യം കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയെന്നും അൻപത് ലക്ഷം രൂപ തട്ടിയെടുത്തുവെന്നും വീണ്ടും പണം ആവശ്യപ്പെട്ടുവെന്നുമാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളിൽ മറ്റ് നാലുപേർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് മുംതാസ് അലിയെ കാണാതായത്. പുലർച്ചെ വീട്ടിൽ നിന്ന് പുറത്തേക് പോയ അദ്ദേഹത്തെ കാണാനില്ലെന്ന് മകൾ പരാതി നൽകിയതോടെ നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ ബിഎംഡബ്ള്യു കാർ കുളൂർ പാലത്തിന് സമീപം തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിൽ പാലത്തിനടിയില്‍ നിന്ന് മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയുള്‍പ്പെട്ട സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുംതാസിൻ്റെ   മൃതദേഹം കണ്ടെത്തിയത്.