ബലാത്സംഗക്കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; നിയമസഭ സമ്മേളനം വിളിച്ച് 10 ദിവസത്തിനുള്ളില്‍ ബില്‍ പാസാക്കുമെന്ന് മമത

1 min read
SHARE

ബലാത്സംഗക്കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ പാസാക്കുന്നതിനായി അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. തൃണമൂല്‍ ഛത്ര പരിഷത്ത് (ടിഎംസിപി) പരിപാടിയില്‍ സംസാരിക്കവെയാണ് പ്രഖ്യാപനം. അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിച്ച് 10 ദിവസത്തിനുള്ളില്‍ ബില്‍ പാസാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബില്‍ നിയമസഭയില്‍ പാസാക്കിയതിനു ശേഷം ഗവര്‍ണര്‍ക്ക് അയയ്ക്കും. അദ്ദേഹം അത് പാസാക്കിയില്ലെങ്കില്‍ ഞങ്ങള്‍ രാജ്ഭവന് പുറത്ത് പ്രതിഷേധിക്കും. ഈ ബില്‍ പാസാക്കണം, അദ്ദേഹത്തിന് ഇത്തവണ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല – മമത പറഞ്ഞു. നേരത്തെ, കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത ട്രെയിനി ഡോക്ടറുടെ കുടുംബത്തോട് ദുഃഖവും ഐക്യദാര്‍ഢ്യവും അറിയിച്ച് മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. തൃണമൂല്‍ ഛത്ര പരിഷത്തിന്റെ സ്ഥാപക ദിനം സംഭവത്തിന് ഇരയായ പെണ്‍കുട്ടിക്ക് സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി മമത എക്‌സില്‍ എഴുതിയ പോസ്റ്റില്‍ പറഞ്ഞു. മനുഷ്യത്വ രഹിതമായ സംഭവങ്ങള്‍ക്കിരയാകുന്ന എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കുമൊപ്പമാണ് തങ്ങള്‍, മാപ്പ് – അവര്‍ കുറിച്ചു.