June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 21, 2026

‘നിർഭയ സംഭവത്തിന് ശേഷവും സമൂഹത്തിന് മറവി രോഗം പിടിച്ചു’; കൊൽക്കത്ത സംഭവത്തിൽ രാഷ്ട്രപതി

SHARE

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജ് വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഇരുപത് ദിവസങ്ങൾക്ക് ശേഷം മൗനം വെടിഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുർമു. ‘നിർഭയക്ക് ശേഷവും സമൂഹത്തിന് ഒന്നാകെ മറവിരോഗം ബാധിക്കുന്നത് ഉചിതമല്ലെന്ന്’ രാഷ്ട്രപതി പറഞ്ഞു. ‘കൊൽക്കത്ത സംഭവം ഭയാനകവും ആശങ്കപ്പെടുത്തുന്നതുമാണ്. സംഭവിച്ചത് സംഭവിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും’ മുര്‍മു പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

‘ഒരു പരിഷ്‌കൃത സമൂഹത്തില്‍ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇത്തരം ഒരു അതിക്രമം ഒരിക്കലും സംഭവിക്കാന്‍ പാടില്ല. കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും ഉള്‍പ്പടെ പ്രതിഷേധവുമായി തെരുവില്‍ തുടരുമ്പോഴും ക്രിമിനലുകള്‍ മറ്റെവിടയോ വിലസുകയാണ്. ഇത്തരം സംഭവങ്ങളില്‍ സമൂഹം സത്യസന്ധവും നിഷ്പക്ഷവുമായ ആത്മപരിശോധനയ്ക്ക് തയ്യാറാവണം. സ്ത്രീകളെ വിലകുറച്ചുകാണുന്ന മനോഭാവമുള്ള ആളുകള്‍ നമുക്കിടയില്‍ വര്‍ധിക്കുകയാണ്. നിര്‍ഭയ സംഭത്തിന് ശേഷം കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ എണ്ണമറ്റ ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതെല്ലാം സമൂഹം മറക്കുന്നു’, പിടിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ രാഷ്ട്രപതി പറഞ്ഞു.

ആ​ഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പിജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ, സിവിക് വൊളണ്ടിയർ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ മരണത്തിന് പിന്നാലെ, സംസ്ഥാനത്ത് പ്രതിഷേധമിരമ്പി. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഡോക്ടർമാർക്ക് സുരക്ഷിതത്വം ഏർപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് ആർജി കറിലെയും മറ്റു മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാർ പണിമുടക്കുകയും ചെയ്തിരുന്നു. അതേസമയം കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന സിറ്റി പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ അനുപ് ദത്തയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ അനുമതി തേടി സിബിഐ സംഘം കൊൽക്കത്ത കോടതിയെ സമീപിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതി, അനൂപ് ദത്തയോട് കുറ്റകൃത്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോയെന്നും എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും കണ്ടെത്താനാണ് ശ്രമം. മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ നുണപരിശോധന സിബിഐ പൂർത്തിയാക്കി. മുഖ്യപ്രതി സഞ്ജയ് റോയിയെയും നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. ആറുപേരുടെ നുണപരിശോധനയാണ് ഇതുവരെ നടന്നത്.