ബിനോയ് വിശ്വത്തിനെതിരായ സംഭാഷണം: ഖേദപ്രകടനവുമായി സിപിഐ നേതാക്കള്‍; സ്വീകരിക്കാതെ ബിനോയ് വിശ്വം

1 min read
SHARE

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സംഭാഷണം പുറത്തുവന്ന സംഭവത്തില്‍ ഖേദ പ്രകടനവുമായി നേതാക്കള്‍. സംഭാഷണത്തില്‍ ഏര്‍പ്പെട്ട കമലാ സദാനന്ദനും കെ.എം. ദിനകരനുമാണ് ഖേദം അറിയിച്ചത്. സംസ്ഥാന സെക്രട്ടറിയെ ഫോണില്‍ വിളിച്ച് നേതാക്കള്‍ ഖേദം അറിയിച്ചു. നാണംകെട്ടിറങ്ങി പോകേണ്ടി വരുമെന്ന പരാമര്‍ശം ബിനോയ് വിശ്വത്തെ കുറിച്ചല്ലെന്ന് കെ.എം. ദിനകരന്‍ പറഞ്ഞു. നടപടി നേരിടുന്ന മറ്റൊരു നേതാവിനെ കുറിച്ചാണ് പരാമര്‍ശമെന്നാണ് നേതാക്കളുടെ വിശദീകരണം. എന്നാല്‍ നേതാക്കളുടെ ഈ ഖേദ പ്രകടനം ബിനോയ് വിശ്വം സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന.ബിനോയ് വിശ്വം പുണ്യാളനാകാന്‍ ശ്രമിക്കുകയാണെന്നും ഇങ്ങനെയണെങ്കില്‍ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങിപ്പോരേണ്ടി വരുമെന്നുമാണ് ചോര്‍ന്ന ശബ്ദരേഖയിലുണ്ടായിരുന്നത്. സെക്രട്ടറിക്ക് എതിരായ ആക്ഷേപ പരാമര്‍ശം 24ന് ചേരുന്നസംസ്ഥാന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പരാമര്‍ശം ചോര്‍ന്നതിന് പിന്നാലെ നേതാക്കളോട് വിശദീകരണം തേടിയിട്ടുണ്ട്. 65 വയസ് പിന്നിട്ട കെ.എം. ദിനകരനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനാണ് സാധ്യത.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമല സാദനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരനും തമ്മിലുളള സംഭാഷണമാണ് ചോര്‍ന്നത്. സംഭാഷണം പൂര്‍ണമായി പുറത്തുവന്നെങ്കിലും താനറിയുന്ന നേതാക്കള്‍ ഇങ്ങനെയൊന്നും പറയില്ലെന്നാണ് സംസ്ഥാന സെക്രട്ടറി ആശ്വാസം കൊളളുന്നത്. പുറത്ത് ഇങ്ങനെയൊക്കെയാണ് പറയുന്നതെങ്കിലും സംഭാഷണത്തില്‍ ഉള്‍പ്പെട്ട രണ്ട് നേതാക്കളോടും വിശദീകരണം തേടാനാണ് നേതൃത്വത്തിന്റെ തീരുമാനം.