കെ എസ് എഫ് ഡി സി ചെയർമാനായി സംവിധായകൻ കെ മധു ചുമതലയേറ്റു
1 min read

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാനായി സംവിധായകൻ കെ മധു ചുമതലയേറ്റു. വലിയ ഉത്തരവാദിത്വം ഉണ്ടെന്നും, സർക്കാരും സാംസ്കാരിക വകുപ്പുമായി കൂടിയാലോചിച്ച് ചുമതല കൃത്യമായി നിർവഹിക്കുമെന്നും കെ മധു പറഞ്ഞു. സിനിമ കോൺക്ലേവ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ട്. അതിനെ കുറിച്ച് പഠിക്കണം. അത് നന്നായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംഘടനയുടെ പിന്തുണ സർക്കാറിനും കോൺക്ലേവിനും ഉണ്ടെന്നും കെ മധു കൂട്ടിച്ചേർത്തു.
ചിത്രാഞ്ജലിയിൽ നല്ല വികസനം നടത്തും. തൻ്റെ ഉത്തരവാദിത്വത്തിൽ അത് മനോഹരമാക്കും. തനിക്ക് വൈകാരികമായ ബന്ധമാണ് ചിത്രാഞ്ജലി സ്റ്റുഡിയോയുമായി ഉള്ളത്. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വികസനം മന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.നിർമാതാക്കളായ രജപുത്ര രഞ്ജിത്ത്, ജി സുരേഷ് കുമാർ തുടങ്ങി പ്രമുഖർ കെ മധുവിന് ആശംസയർപ്പിക്കാൻ എത്തി. ഷാജി എൻ കരുണിൻ്റെ നിര്യാണത്തെ തുടർന്നുള്ള ഒഴിവിലാണ് സംവിധായകൻ കെ മധുവിനെ ചെയർമാനായി നിയമിച്ചത്. കെ എസ് എഫ് ഡി സി ബോര്‍ഡ് അംഗമായിരുന്നു അദ്ദേഹം. 1986ല്‍ സംവിധാനം ചെയ്ത മലരും കിളിയും ആണ് കെ മധുവിന്റെ ആദ്യസിനിമ. 25ലേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്.
