കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റം: സുപ്രീംകോടതി

1 min read
SHARE

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം) പ്രകാരവും വിവരസാങ്കേതിക നിയമപ്രകാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും പോക്‌സോ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കുറ്റകരമാണെന്ന് കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത കണ്ട യുവാവിനെതിരായ കേസ് റദ്ദാക്കിയതില്‍ മദ്രാസ് ഹൈകോടതിക്ക് ഗുരുതരമായ തെറ്റ് സംഭവിച്ചതായി സുപ്രീംകോടതി നിരീക്ഷിച്ചു. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തതിന് എസ്. ഹരീഷെന്ന 28 കാരനെതിരെയുള്ള കേസാണ് ജനുവരി 11ന് മദ്രാസ് ഹൈകോടതി റദ്ദാക്കിയത്. കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഫരീദാബാദിലെ ജസ്റ്റ് റൈറ്റ്‌സ് ഫോർ ചില്‍ഡ്രൻ അലയൻസ്, ഡല്‍ഹിയിലെ ബച്ച്‌പൻ ബച്ചാവോ ആന്ദോളൻ എന്നീ സർക്കാറിതര സംഘടനകളാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഹൈകോടതി വിധി നിയമവിരുദ്ധമാണെന്ന് മുതിർന്ന അഭിഭാഷകൻ എച്ച്‌.എസ്. ഫൂല്‍ക്ക സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. ഹർജിക്കാരന് അശ്ലീല ചിത്രങ്ങള്‍ കാണാനുള്ള ആസക്തിയുണ്ടെങ്കില്‍ കൗണ്‍സലിങ് നടത്തണമെന്നാണ് ഹൈകോടതി നിർദേശിച്ചത്. 2012ലെ പോക്‌സോ ആക്‌ട്, 2000ത്തിലെ ഐ.ടി ആക്‌ട് എന്നിവ പ്രകാരമുള്ള ക്രിമിനല്‍ കേസായിരുന്നു റദ്ദാക്കിയത്. അശ്ലീല ചിത്രങ്ങള്‍ കാണുന്നത് 2000ത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് സെക്ഷൻ 67 ബി പ്രകാരം കുറ്റകരമല്ലെന്നാണ് ഹൈകോടതി നിരീക്ഷിച്ചത്. ആണ്‍കുട്ടികള്‍ ഉള്‍പ്പെട്ട രണ്ട് വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തത് പ്രതിയുടെ മൊബൈല്‍ ഫോണിലുണ്ടായിരുന്നു. അവ പ്രസിദ്ധീകരിക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്തിട്ടില്ലെന്നും ഹർജിക്കാരന്റെ സ്വകാര്യമാണെന്നും ഹൈകോടതി പറഞ്ഞിരുന്നു. എന്നാല്‍, ഈ നിരീക്ഷണത്തില്‍ ഹൈകോടതിക്ക് ഗുരുതരമായ തെറ്റുപറ്റിയെന്ന് വിധി റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു. ഇത്തരം ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാതെ ഫോണില്‍ സൂക്ഷിക്കുന്നത് കൈമാറാനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.