നിങ്ങൾ കുറെ പേർ ട്രൗസറിട്ട് നടക്കുന്നതല്ല ഫോറസ്റ്റ്, മര്യാദ വേണം’; വനംവകുപ്പ് ഉദ്യോഗസ്ഥനോട് കയർത്ത് അൻവർ
1 min readമലപ്പുറം:നിലമ്പൂരിൽ വനംവകുപ്പിന്‍റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് പിവി അൻവര്‍ എംഎല്‍എ. വേദിയിലുള്ള പരസ്യവിമര്‍ശനത്തിന് പിന്നാലെ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയശേഷമാണ് പിവി അൻവര്‍ വനംവകുപ്പ് റേഞ്ച് ഓഫീസറോട് കയര്‍ത്ത് സംസാരിച്ചത്. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഉദ്യോഗസ്ഥനോട് പിവി അൻവര്‍ രോഷം പ്രകടിപ്പിച്ചത്. നിലമ്പൂർ അരുവാക്കോട് വനം ഓഫിസിലെ ഉദ്ഘാടനത്തിന് എത്തിയ പി വി അൻവറിന്‍റെ വാഹനം മാറ്റി നിർത്താൻ ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതാണ് പ്രകോപനം. പരിപാടിയിൽ അധ്യക്ഷനായാണ് പിവി അൻവര്‍ എംഎല്‍എ എത്തിയത്.ആദ്യം ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്തെങ്കിലും മാറ്റിയിടണമെന്ന് പറഞ്ഞു. വീണ്ടും മാറ്റിയിട്ടപ്പോള്‍ അവിടെ നിന്നും മാറ്റിയിടാൻ പറഞ്ഞുവെന്നാണ് ആരോപണം. ഇക്കാര്യം പിവി അൻവര്‍ പരിപാടി കഴിഞ്ഞ് എത്തിയപ്പോള്‍ ഡ്രൈവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടി മാറ്റിയിടാൻ പറഞ്ഞ ഓഫീസര്‍ ആരാണെന്ന് ചോദിച്ച് ഓഫീസിലേക്ക് പിവി അൻവര്‍ നടന്നുവരുകയായിരുന്നു. എന്നാല്‍, ഓഫീസര്‍ അവിടെ ഇല്ലെന്ന് റേഞ്ച് ഓഫീസര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് റേഞ്ച് ഓഫീസറോട് അൻവര്‍ കയര്‍ത്ത് സംസാരിച്ചത്. തന്നോടുള്ള വിരോധത്തിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നാണ് പിവി അൻവറിന്‍റെ ആരോപണം. വണ്ടി മാറ്റിയിടാൻ പറഞ്ഞ ഉദ്യോഗസ്ഥനോട് നാലു മണിക്ക് മുമ്പ് ഗസ്റ്റ് ഗൗസില്‍ തന്നെ വന്ന് കാണണമെന്നും ഇല്ലെങ്കില്‍ ഇങ്ങോട്ട് വരുമെന്നും ഉദ്യോഗസ്ഥനോട് പിവി അൻവര്‍ പറഞ്ഞു. ആവശ്യത്തിന് മതി, നിങ്ങള്‍ കുറെ ആള്‍ക്കാര് ട്രൗസറിട്ട് നടക്കുന്നതല്ല ഫോറസ്റ്റെന്നും മര്യാദ കാണിക്കണമെന്നും തെണ്ടിത്തരം ചെയ്യുകയാണെന്നും പറഞ്ഞ് രോഷത്തോടെ സംസാരിച്ചശേഷമാണ് അൻവര്‍ കാറില്‍ കയറി മടങ്ങിപ്പോയത്. വാഹന പാര്‍ക്കിങുമായി ബന്ധപ്പെട്ട തര്‍ക്കത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥന്‍റെ മേലുദ്യോഗനോടാണ് അൻവര്‍ കയര്‍ത്തത്.