ഡോ. എപിജെ അബ്ദുൽ കലാമിന്‍റെ ജീവിതം ബിഗ് സ്ക്രീനിലേക്ക്; മിസൈൽമാനായി എത്തുന്നത് ധനുഷ്, ‘കലാം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
1 min read

മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൽ കലാമിന്‍റെ ത്രസിപ്പിക്കുന്ന ജീവിതം വെള്ളിത്തിരയിലേക്ക്. കലാമായി തമിഴിലെ സൂപ്പർ താരം ധനുഷ് സ്‌ക്രീനിലെത്തും. ‘ആദിപുരുഷ്’ സിനിമയുടെ സംവിധായകൻ ഓം റൗട്ടാണ് ‘കലാമി’ന്റെയും സംവിധാനം നിർവഹിക്കുന്നത്. അഭിനയത്തിനൊപ്പം സംവിധാനവുമായും തമിഴിൽ സജീവമായി നിൽക്കവെയാണ് ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന, ലോകം ആദരിച്ച ശാസ്ത്രജ്ഞൻ എപിജെ അബ്ദുൽ കലാമിന്‍റെ ജീവിതം ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കാനായി ധനുഷ് എത്തുന്നത്.
‘കലാം: ദ മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ബുധനാഴ്ച കാൻ ഫിലിം ഫെസ്റ്റിവലിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഇത്രയും പ്രചോദനാത്മകവും മഹാനുഭവനുമായ ഒരു നേതാവിന്റെ – നമ്മുടെ സ്വന്തം ഡോ. എപിജെ അബ്ദുൽ കലാം സാറിന്റെ ജീവിതം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതിൽ ഞാൻ വളരെ അനുഗ്രഹീതനാണെന്നാണ്’ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ച് ധനുഷ് പ്രതികരിച്ചത്.
എകെ എന്റര്‍ടെയ്‌ന്മെന്റ്‌സ്, അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ്, ടി സീരിസിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍, കൃഷ്ണന്‍ കുമാര്‍, അനില്‍ ശുങ്കര, ഭൂഷണ്‍ കുമാര്‍ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മാണം. ആദിപുരുഷ് കൂടാതെ, തന്‍ഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് എന്നീ ചിത്രങ്ങളുടെയും സംവിധായകനാണ് ഓം റൗട്ട്
