നാഗാലാൻഡ് തെരഞ്ഞെടുപ്പ്: ജയം ഉറപ്പിച്ച് ബിജെപി-എൻഡിപിപി സഖ്യം, ആഘോഷങ്ങൾക്ക് തുടക്കം
1 min readനാഗാലാൻഡിൽ വിജയാഘോഷങ്ങൾക്ക് തുടക്കം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വൻ വിജയത്തിലേക്കാണ് കുതിക്കുകയാണ് ബിജെപി-എൻഡിപിപി സഖ്യം. നിലവിൽ ബിജെപിയും സഖ്യകക്ഷികളും 39 സീറ്റുകളിലും കോൺഗ്രസ് 1 സീറ്റിലും എൻപിഎഫ് 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു.നാഗാലാൻഡിൽ എൻഡിഡിപി-ബിജെപി സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഫലമാണ് ഇപ്പോൾ പുറത്തു വരുന്നത്. ആദ്യകാല ട്രെൻഡുകൾ കാണിക്കുന്നത് ബിജെപി-എൻഡിപിപി സഖ്യം അധികാരത്തിലേക്ക് നീങ്ങുന്നു എന്നുതന്നെയാണ്. ബിജെപി എൻഡിപിപി ക്യാമ്പുകളിൽ വിജയാഘോഷം തുടങ്ങി കഴിഞ്ഞു.
തുടർച്ചയായ രണ്ടാം തവണയും ജനവിധി തേടുന്ന നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ വടക്കൻ അംഗമി-രണ്ടിൽ ലീഡ് ചെയ്യുന്നു. നാഗാലാൻഡ് സംസ്ഥാന ബിജെപി അധ്യക്ഷനും സോഷ്യൽ മീഡിയ സെൻസേഷനുമായ ടെംജെൻ ഇംന അലോങ് അലോങ്‌ടാക്കി മണ്ഡലത്തിൽ നിന്ന് ലീഡ് ചെയ്യുകയാണ്. എൻപിഎഫിന്റെ കോട്ടയായ നോർത്തേൺ അംഗമി-1ൽ 2791 വോട്ടുകൾക്ക് എൻഡിപിപിയുടെ കെഖ്രിൽഹൗലി യോം ലീഡ് ചെയ്യുന്നു. 2296 വോട്ടുകൾക്ക് എൻപിഎഫിന്റെ ഖ്രീഹു ലീസെറ്റ്സു പിന്നിലാണ്.