കശുമാങ്ങ പഴുത്തു, നാട്ടിലിറങ്ങി കാട്ടാനകൾ, ഉറക്കം നഷ്ടപ്പെട്ട് മണിക്കടവ്, വ്യാപക കൃഷിനാശം
1 min read

കണ്ണൂർ: കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് കണ്ണൂരിലെ മണിക്കടവ് ഗ്രാമം. രാത്രി മുഴുവൻ തോട്ടങ്ങളിൽ തമ്പടിക്കുന്ന കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കർണാടക വനത്തോട് ചേർന്ന് സോളാർ വേലി ഇല്ലാത്തതാണ് ആനകളിറങ്ങാൻ കാരണമാകുന്നത്. ഈ വഴിയെത്തിയ ആനയാണ് മാസങ്ങൾക്ക് മുമ്പ് ഉളിക്കൽ ടൗണിലെത്തി ഒരാളെ കൊന്നത്.വേലി ഉടനെന്ന് വനം വകുപ്പ് അന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരേയും സ്ഥാപിച്ചിട്ടില്ല. മിക്ക ദിവസവും രാത്രിയിൽ പറമ്പിലേക്ക് ടോർച്ചടിച്ച് നോക്കിയാൽ മണിക്കടവ് ആനപ്പാറയിലുളളവർ കാണുന്നത് കാട്ടാനക്കൂട്ടത്തെയാണ്. രാവിലെ നോക്കുമ്പോൾ വിളയെല്ലാം ചവിട്ടിമെതിച്ചും കുത്തിമറിച്ചിട്ടും തോട്ടം ഒരു പരുവമായിട്ടുണ്ടാകും. ആഴ്ചകളായി നാട്ടിൽ ഇതാണ് അവസ്ഥ. ചക്കയും കശുമാങ്ങയും തേടി ആനകളെത്തുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. കർണാടക വനത്തിൽ നിന്നാണ് ആനകളെത്തുന്നത്.
