ചൂരല്‍മല- മുണ്ടക്കൈ പ്രദേശത്ത് പ്രവേശനം നിരോധിച്ചു; പുന്നപ്പുഴയില്‍ ജലനിരപ്പ് ഉയരാൻ സാധ്യത
1 min read

വയനാട് ജില്ലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചതിനാല്‍ മുണ്ടക്കൈ- ചൂരല്‍മല പ്രദേശത്തേക്കുള്ള പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ ശേഷിപ്പുകള്‍ ശക്തമായ മഴയില്‍ ഇടിഞ്ഞ് പുന്നപ്പുഴയില്‍ കുത്തൊഴുക്കും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഗോ സോണ്‍, നോ ഗോ സോണ്‍ ഭാഗങ്ങളിലേക്കും പ്രദേശത്തെ തോട്ടം മേഖലയിലേക്കും പ്രവേശനം കര്‍ശനമായി നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈയിലാണ് രാജ്യത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തം മുണ്ടക്കൈ- ചൂരല്‍മല പ്രദേശത്തുണ്ടായത്. ദുരന്തത്തിൽ നൂറുകണക്കിന് പേർ മരിച്ചിരുന്നു.ഇന്ന് വയനാട്ടിൽ ഓറഞ്ച് അലര്‍ട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.
