മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ക്യാഷ് അവാർഡ് വിതരണവും അനുമോദനവും നടത്തി

1 min read
SHARE

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കണ്ണൂർ മേഖലയിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും കായിക മത്സരങ്ങളിലും ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളി-അനുബന്ധ തൊഴിലാളികളുടെ മക്കൾക്ക് ക്യാഷ് അവാർഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു. കണ്ണൂർ തയ്യിൽ ശ്രീകുറുംബ ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ മുഖ്യാതിഥിയായി. മത്സ്യബന്ധനത്തിനിടെ മരിച്ചവരുടെ ആശ്രിതർക്കുള്ള ഇൻഷുറൻസ് ധനസഹായവും ചികിത്സാ സഹായവും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ നടന്ന ബോധവത്കരണത്തിൽ ‘രക്ഷിതാക്കളുടെ ആശയും ആശങ്കയും’ എന്ന വിഷയത്തിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത് ക്ലാസെടുത്തു. ബോധവൽക്കരണത്തിന്റെ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്ഥരായ പി സി പ്രഭുനാഥ്, ഋഷാജ് എന്നിവരുടെ നാടകവും അരങ്ങേറി. ചടങ്ങിൽ കൗൺസിലർ സി എച്ച് അസീമ, മത്സ്യഫെഡ് പ്രൊജക്റ്റ് ഓഫീസർ ആൽബിൻ, എൻ പി ശ്രീനാഥ്, എ ടി നിഷാത്ത്, കെ പി അജിത്ത്, ശാക്കിർ അറക്കൽ എന്നിവർ സംസാരിച്ചു. മത്സ്യബോർഡ് ജൂനിയർ എക്‌സ്‌ക്യൂട്ടീവ് കെ രാജേഷ് സ്വാഗതവും ഫിഷറീസ് ഓഫീസർ കെ ജസ്ന നന്ദിയും പറഞ്ഞു