പുതിയൊരു വിമാനക്കമ്പനി കൂടി വരുന്നു.. ‘ഫ്‌ളൈ 91’ അമരത്ത് തൃശ്ശൂര്‍ സ്വദേശി

1 min read
SHARE

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയൊരു വിമാന കമ്പനി കൂടി വരുന്നു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക എയര്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ‘ഫ്‌ളൈ 91’ എയര്‍ലൈന്‍സിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നല്‍കി. തൃശ്ശൂര്‍ സ്വദേശിയായ മനോജ് ചാക്കോ നേതൃത്വം നല്‍കുന്ന വിമാന കമ്പനിയാണിത്. നേരത്തെ കിങ് ഫിയര്‍ എയര്‍ലൈന്‍സിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയിരുന്ന മനോജിന്‌ വ്യോമയാന മേഖലകളില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയമുണ്ട്. ചെറു പട്ടണങ്ങളെ ആകാശ മാര്‍ഗം ബന്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുകയാണ് ഫ്‌ളൈ 91 കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയുടെ ടെലിഫോണ്‍ കോഡ് ആയ 91 സൂചിപ്പിച്ചാണ് കമ്പനിക്ക് ഫ്‌ളൈ 91 എന്ന് പേരിട്ടത്. ഇനി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ എയര്‍ ഓപ്പറേറ്റര്‍ പെര്‍മിറ്റിനായി കമ്പനി അപേക്ഷ നല്‍കും. ഈ വര്‍ഷം ഒക്ടോബര്‍- ഡിസംബര്‍ മാസത്തോടെ സര്‍വീസ് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.