മെസ്സി ദ ബെസ്റ്റ്’; ഫിഫയുടെ മികച്ച താരമായി അര്‍ജന്റൈന്‍ നായകന്‍
1 min read

പാരീസ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. പിഎസ്ജിയിലെ സഹതാരവും ഫ്രാന്‍സിന്റെ സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെയെ മറികടന്നാണ് മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡിന്റെ ഫ്രെഞ്ച് താരം കരീം ബെന്‍സിമയും അന്തിമ പട്ടികയിലുണ്ടായിരുന്നു. പാരീസില്‍ രാത്രി 1.30നായിരുന്നു പുരസ്‌കാരദാന ചടങ്ങ്.
ഏഴാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം നേടുന്നത്. ഒരു തവണ ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദ ഇയര്‍, നാല് തവണ ഫിഫ ബാലന്‍ ഡി ഓര്‍, രണ്ട് തവണ ഫിഫ ദ ബെസ്റ്റ് എന്നിവയാണ് മെസ്സി നേടിയത്. ഖത്തര്‍ ലോകകപ്പില്‍ ഫൈനലിലെ രണ്ട് ഗോളുകള്‍ ഉള്‍പ്പടെ എഴ് ഗോളുകള്‍ നേടിയ താരത്തിന്റെ നായകത്വത്തിലാണ് അര്‍ജന്റീന ലോകകിരീടം ചൂടിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും മെസ്സി നേടി. ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ സീസണില്‍ പിഎസ്ജിയെ ചാമ്പ്യന്മാരാക്കുന്നതിലും മെസ്സി നിര്‍ണായക പങ്കാണ് വഹിച്ചത്.
ബാഴ്‌സലോണയുടെ സ്പാനിഷ് താരം അലെക്‌സിയ പുറ്റെല്ലസാണ് മികച്ച വനിതാ താരം. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍ കീപ്പര്‍. അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. ഇംഗ്ലണ്ട് കോച്ച് സറീന വീഗ്മാനാണ് മികച്ച വനിതാ ടീം പരിശീലക. മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡ് പോളണ്ടിന്റെ മാര്‍സീന്‍ ഒലെക്സിക്ക് ലഭിച്ചു. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റൈന്‍ ആരാധകരും സ്വന്തമാക്കി.
