സൗദിയില്‍ വീണ്ടും ഹൂതി ആക്രമണശ്രമങ്ങള്‍; മിസൈലുകള്‍ തകര്‍ത്ത് സഖ്യസേന

SHARE

സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ സഖ്യസേന പരാജയപ്പെടുത്തി. റിയാദില്‍ 2 ബാലിസ്റ്റിക് മിസൈലുകളും കിഴക്കന്‍ പ്രവിശ്യയിലേക്ക് വന്ന 3 ബാലസ്റ്റിക് മിസൈലുകളും തെക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ട 4 ഡ്രോണുകളുമാണ് തകര്‍ത്തത്. ഇതിനിടെ, ഹൂതികള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് യമനില്‍ സൈനിക നടപടികള്‍ ശക്തമായി തുടരുകയാണ്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി ഇന്ന് രാവിലെ ഹൂതികള്‍ തൊടുത്ത 3 ബാലസ്റ്റിക് മിസൈലുകള്‍ സഖ്യസേന പ്രതിരോധിക്കുകയും തകര്‍ക്കുകയും ചെയ്തു. ഇതിന് പുറമെ സൗദിയുടെ തെക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 4 ഡ്രോണുകളും സഖ്യസേന ആകാശത്തുവെച്ച് തകര്‍ത്തു. ഉച്ചയ്ക്ക് ശേഷം റിയാദില്‍ 2 ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകര്‍ത്തു. ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. അല്‍-ഖര്‍ജ്, അബഹ, ഖമീഷ് മുശൈത്ത്, നജ്‌റാന്‍, ഹരീഖ്, കിഴക്കന്‍ പ്രവിശ്യ, തെക്കന്‍ മേഖല ഉള്‍പ്പെടെ സൗദിയുടെ പല ഭാഗത്തും സിവില്‍ ഡിഫന്‍സിന്റെ അപായ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു. അതേസമയം യമനില്‍ ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടിയാണ് യമന്‍ സൈന്യം നല്‍കുന്നത്.ഫജര്‍ യമന്‍ ഓപ്പറേഷന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ ഭാഗങ്ങളിലായി 1276 ആക്രമണങ്ങള്‍ നടത്തി. ഇതില്‍ 382 ഹൂതി നേതാക്കളും സൈനികരും കൊല്ലപ്പെട്ടതായി യമന്‍ സൈനിക വക്താവ് അറിയിച്ചു. ഹൂതികളുടെ 140 സൈനിക വാഹനങ്ങളും ആയുധങ്ങളും തകര്‍ക്കുകയും ചെയ്തു. ഹൂതികളുടെ കമാന്‍ഡ് സെന്ററുകള്‍, പ്രതിരോധ കേന്ദ്രങ്ങള്‍, ആയുധപ്പുരകള്‍ എന്നിവയും ആക്രമണത്തില്‍ നശിച്ചു. തൈസ് മേഖലയില്‍ വ്യോമസേനയുടെ പിന്തുണയോടെ മിന്നലാക്രമണങ്ങള്‍ നടന്നു. ജൗഫ്, മാരിബ്, ബൈദ തുടങ്ങി വിവിധ മേഖലകളില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.