മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് ശുചിത്വ കേരളത്തിലേക്ക്; ഐസി 100 ചലഞ്ചുമായി തദ്ദേശ സ്ഥാപനങ്ങൾ.

SHARE

സംസ്ഥാനത്തെ പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച ‘നിർമ്മലം – ഐസി 100 ചലഞ്ച്’ പദ്ധതികളുടെ വിശദീകരണ പരിപാടി അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി ഉദ്ഘാടനം ചെയ്തു.
ദീർഘകാല കാഴ്ചപ്പാടോടെയാണ് നിർമ്മലം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും, ഇത് കേവലം കുറച്ചുനാളുകൾക്കുള്ള പദ്ധതിയല്ലെന്നും അഞ്ച് വർഷം നീണ്ടുനിൽക്കുന്ന സമഗ്രമായ പദ്ധതിയാണെന്നും അസിസ്റ്റന്റ് കളക്ടർ പറഞ്ഞു.
ആദ്യഘട്ടത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം കൃത്യമായി സംസ്കരിക്കുകയും, പൂർണ്ണമായി സംസ്കരിക്കാൻ കഴിയാത്ത മാലിന്യങ്ങളെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കണമെന്നും കൂട്ടിച്ചേർത്തു.

മാലിന്യ നിക്ഷേപ കേന്ദ്രങ്ങളെ കണ്ടെത്തി ശുചീകരിക്കുന്നതിനും അവ വീണ്ടും മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളായി മാറാതിരിക്കാൻ സ്ഥിരമായ സംവിധാനമൊരുക്കുന്നതിനും ലക്ഷ്യമിടുന്നു. ശുചീകരണം ഒരു ദിവസത്തെ പ്രവർത്തനമായി ഒതുങ്ങാതെ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ശുചിത്വം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു.
എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ ടി. വി. സുഭാഷ്, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ എം. സുനിൽ കുമാർ എന്നിവർ പദ്ധതി വിശദീകരണം നടത്തി. പ്ലാനിങ് ഓഫീസർ ടി. രാജേഷ്, പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ലിസി ജോസഫ്, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ പി. എം. ധനീഷ് തുടങ്ങിയവർ പങ്കെടുത്തു.

കണ്ടെത്താം, ശുചീകരിക്കാം, സംരക്ഷിക്കാം

മൂന്ന് പ്രധാന ഘട്ടങ്ങളിലായാണ് ഐസി 100 ചലഞ്ചിന്റെ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. ‘ഐ കെയർ’,
‘ഐ ക്ലീൻ’, ‘ഐ കമ്മിറ്റ്’ എന്നിവയാണ് ഈ ഘട്ടങ്ങൾ. മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങൾ കണ്ടെത്തുക, അവ ശുചീകരിക്കുക, തുടർന്ന് മാലിന്യമുക്തമായി നിലനിർത്തുക എന്നിങ്ങനെയാണ് പ്രവർത്തനങ്ങളുടെ ക്രമം.

ആദ്യഘട്ടമായ ‘ഐ കെയറി’ൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കും. ബസ് സ്റ്റാൻഡുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ, മാർക്കറ്റുകൾ, ജലാശയങ്ങളുടെ പരിസരങ്ങൾ തുടങ്ങിയ പൊതുഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കും. ഗാർബേജ് വൾണറബിൾ പോയിന്റുകൾ എന്നറിയപ്പെടുന്ന ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്തി അവയുടെ നിലവിലെ സ്ഥിതി രേഖപ്പെടുത്തും.

രണ്ടാം ഘട്ടമായ ‘ഐ ക്ലീൻ’ ശുചീകരണ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. കണ്ടെത്തിയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കും. ജനപ്രതിനിധികൾ, ഹരിതകർമ്മസേന, റെസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, യുവാക്കൾ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കും.

മൂന്നാം ഘട്ടമായ ‘ഐ കമ്മിറ്റ്’ ശുചീകരിച്ച പ്രദേശങ്ങളുടെ തുടർപരിപാലനത്തിനാണ് ഊന്നൽ നൽകുന്നത്. ഒരിക്കൽ വൃത്തിയാക്കിയ സ്ഥലങ്ങൾ വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറാതിരിക്കാൻ സ്ഥിരമായ സംവിധാനങ്ങൾ ഒരുക്കും. മുന്നറിയിപ്പ് ബോർഡുകൾ, ബോധവൽക്കരണ പരിപാടികൾ, സിസിടിവി നിരീക്ഷണം തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ശ്രമിക്കും.
ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിൽ മാത്രം ഒതുങ്ങാതെ അവയുടെ ഫലങ്ങൾ നിലനിർത്തുന്നതും പ്രധാനമാണ്. അതിനാൽ പ്രദേശങ്ങൾ മാലിന്യമുക്തമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും തുടർച്ചയായി ഇടപെടേണ്ടതുണ്ട്.

സീറോ വേസ്റ്റ് കേരളത്തിലേക്ക്

100 ദിവസത്തെ പ്രവർത്തനങ്ങളിലൂടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് തുടർച്ച ഉറപ്പാക്കുകയാണ് ഐസി 100 ചലഞ്ചിന്റെ ലക്ഷ്യം. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളെ വൃത്തിയുള്ളതും സുസ്ഥിരവുമായ ഇടങ്ങളാക്കി മാറ്റുന്നതിലൂടെ പൊതുജനാരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാകും. 2031 മാർച്ച് 30-ലെ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോടെ സുസ്ഥിര മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനും പദ്ധതി പ്രാധാന്യം നൽകുന്നു.