റാഫ ഇടനാഴി തുറന്നില്ല, ഭക്ഷണവും വെള്ളവും ഇല്ലാതെ ഗാസയിലെ അഭയാർഥിക്യാമ്പുകൾ
1 min readപലസ്‌തീൻ ജനതയ്‌ക്ക് അടിയന്തര സഹായങ്ങളും ഇസ്രയേൽ തടയുന്നു. ഗാസ– ഈജിപ്‌ത് അതിർത്തിയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലെ മരുന്നും ഭക്ഷണവും എന്ന് റാഫ ഇടനാഴി കടക്കുമെന്നതിൽ അവ്യക്തത തുടരുകയാണ്. ഇത് നടപ്പാകാത്തത് എന്തുകൊണ്ടെന്നതിൽ വ്യക്തത വരുത്താൻ ശ്രമിക്കുകയാണെന്ന് ഐക്യരാഷ്‌ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇത് ജീവിതത്തിനും മരണത്തിനും ഇടയിലെ ഇടനാഴിയാണ്. ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച തുടരുകയാണെന്നും ഈജിപ്‌തിലെത്തി റാഫ ഇടനാഴി സന്ദർശിച്ചശേഷം ഗുട്ടെറസ് മാധ്യമങ്ങളോട് പറഞ്ഞു. തൊട്ടടുത്ത ദിവസംതന്നെ ട്രക്കുകൾ അതിർത്തി കടക്കുമെന്നും യുഎൻ പ്രതീക്ഷ പ്രകടിപ്പിച്ചുവെള്ളിയാഴ്‌ച 20 ട്രക്കുകൾ ഗാസയിലേക്ക് പോകുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം നടപ്പായില്ല. ഈജിപ്ത് വഴിതുറക്കുമെന്നും ഇസ്രയേൽ തടയില്ലെന്നുമായിരുന്നു ധാരണ. എന്നാൽ ഗാസയിലെ 20 ലക്ഷം ജനങ്ങളുടെ ജീവനുവേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് തടയപ്പെട്ടിരിക്കുന്നത്. റാഫ ഇടനാഴി തുറക്കുന്നതോടെ ഗാസയിൽനിന്ന് ഈജിപ്‌തിലേക്ക് അഭയാർഥി പ്രവാഹം ഉണ്ടാകുമെന്ന സ്ഥിതിയുമുണ്ട്. ചുരുങ്ങിയത് 2000 ട്രക്ക് അവശ്യ സാധനങ്ങൾ ഗാസയ്‌ക്ക് വേണമെന്ന് ലോകാരോഗ്യ സംഘടന അടിയന്തരസേവന ഡയറക്ടർ മൈക്കിൾ റയാൻ പറഞ്ഞു.