ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

1 min read
SHARE

ശ്രീനിധി ഡെക്കാനോട് ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ 3-2 ന്റെ വിജയവും റിയല്‍ കാശ്മീരിനോട് 1-1 സമനിലയും പിടിച്ചെടുത്ത ഗോകുലം കേരള എഫ്‌സി ഐ ലീഗിലെ ആദ്യ ഹോം മത്സരത്തിനായി കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ഐസോള്‍ എഫ്‌സിയെ നേരിടും. രാത്രി ഏഴ് മണിക്കാണ് കിക്ക് ഓഫ്. കേരളത്തില്‍ നിന്ന് ഐ ലീഗില്‍ കളിക്കുന്ന ഒരേയൊരു ക്ലബ്ബായ ഗോകുലം എഫ്‌സി ഇന്നത്തെ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നതാണ്. ആദ്യമത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞെങ്കിലും കാശ്മീരിനോട് സമനില വഴങ്ങിയതിലെ ക്ഷീണം ഐസോളിനെതിരെയുള്ള വിജയത്തോടെ തീര്‍ക്കാനാകുമെന്നാണ് ടീം കരുതുന്നത്.രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി ടേബിളില്‍ മൂന്നാംസ്ഥാനത്താണ് ഗോകുലം കേരള എഫ്‌സി. നാല് പോയിന്റുണ്ടെങ്കിലും കേരളത്തിന് തൊട്ടുപിന്നിലാണ് ഐസോള്‍. തോല്‍വി അറിയാതെയാണ് ഹോം ഗ്രൗണ്ടില്‍ കേരളം മൂന്നാംമത്സരത്തിനിറങ്ങുന്നത്. മലയാളിയായ ഐഎസ്എല്‍ താരം വിപി സുഹൈല്‍ അടക്കം പരിചയ സമ്പന്നരായ മികച്ച ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വിദേശ താരങ്ങളും അണിനിരക്കുന്ന ഗോകുലം എഫ്‌സി കണക്കില്‍ കരുത്തരാണ്. വിദേശ താരങ്ങള്‍ക്ക് പ്രാമുഖ്യമില്ലാത്ത ഐസോളില്‍ ഇന്ത്യന്‍ താരങ്ങളുടെ ടീം മികവാണ് അവരുടെ ശക്തി.