മീനങ്ങാടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 10 പവന്റെ ആഭരണങ്ങളും ഒന്നരലക്ഷം രൂപയും മോഷ്ടിച്ചു.

മീനങ്ങാടി പൂട്ടിയിട്ട വീട് കുത്തി തുറന്ന് 10 പവന്റെ ആഭരണങ്ങളും ഒന്നരലക്ഷം രൂപയും മോഷ്ടിച്ചു. ചൂതുപാറ ആനക്കുഴി പ്രവീദിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്.
പ്രവീദിന്റെ വീട്ടിൽ രണ്ടാഴ്ചയായി താമസിക്കുന്ന ഭാര്യ പിതാവ് കേണിച്ചിറ ചീങ്ങോട് കൊട്ടേക്കാട്ടിൽ മാനുക്കുട്ടൻ ചൊവ്വാഴ്ച രാത്രി 9 ഓടെ മരണപ്പെട്ടിരുന്നു. രാത്രി 11.30 ഓടെ മാനുക്കുട്ടന്റെ മൃതദേഹവുമായി പ്രവീദും ബന്ധുക്കളും ചീങ്ങോട്ടുള്ള വീട്ടിലേക്ക് പോയതിന് പിന്നാലെയായിരുന്നു മോഷണം,
പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. ബുധനാഴ്ച രാവിലെ വീടിന്റെ വാതിലുകൾ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ അറിയിച്ചതിനെത്തുടർന്നു പരിശോധനയിലാണ് മോഷണം സ്ഥിതീകരിച്ചത്.
അലമാരയിലും മേശയിലും സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് നഷ്ടമായത്. ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫ്, അമ്പലവയൽ പോലീസ് ഇൻസ്പെക്ടർ അനൂപ്, മീനങ്ങാടി എസ്ഐ റസാഖ് എന്നിവരുടെ നേതൃത്വത്തിൽ കേസ് അന്വേഷണം തുടങ്ങി. വിരൽ അടയാള വിദഗ്ധരും, ഡോഗ് സ്കോഡും വീട്ടിൽ പരിശോധന നടത്തി.

