സ്വർണാഭരണങ്ങളിൽ എച്ച്‌യുഐഡി ഹാള്‍ മാര്‍ക്കിങ് ജൂലൈ 1 മുതൽ നിർബന്ധം; പരിശോധന കർശനമാക്കണം

1 min read
SHARE

കൊച്ചി; സ്വര്‍ണാഭരണങ്ങളിലെ നിര്‍ബന്ധിത എച്ച്‌യുഐഡി ഹാള്‍മാര്‍ക്കിങ് ജൂലൈ 1 മുതൽ രാജ്യത്തെ എല്ലാ ജ്വല്ലറികൾക്കും ബാധകം. ജ്വല്ലറികൾക്ക് നൽകിയിരുന്ന മൂന്നു മാസത്തെ സാവകാശം ഈ മാസം 30ന് തീരും. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) പരിശോധന ആരംഭിച്ചേക്കുമെന്നാണു സൂചന. ഏപ്രിൽ 1 മുതൽ എച്ച്‍യുഐഡി നിർബന്ധമാക്കിയിരുന്നതാണ്. എന്നാൽ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിൽ ഹൈക്കോടതി സമയം നീട്ടി നൽകി. പഴയ സ്റ്റോക്ക് വെളിപ്പെടുത്തിയ 16,243 ജ്വല്ലറികൾക്കാണ് സാവകാശം അനുവദിച്ചത്. കേരളത്തിൽ ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് എച്ച്‍യുഐഡി നിർബന്ധമാക്കുന്നത്. ആഭരണത്തിന്റെ ഇനം, ഹാള്‍മാര്‍ക്ക് ചെയ്ത ജ്വല്ലറി, രജിസ്‌ട്രേഷന്‍ നമ്പര്‍, ഹാള്‍മാര്‍ക്കിങ് സെന്ററിന്റെ പേര്, തീയതി, സ്വര്‍ണത്തിന്റെ മാറ്റ് തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ കഴിയുന്ന സംവിധാനമാണ് എച്ച്‌യുഐഡി ഹാള്‍മാര്‍ക്കിങ്. ആഭരണത്തിന്റെ തൂക്കവും ഇതില്‍ അറിയാനാവും.