‘അനുയോജ്യമായ സ്ഥലത്ത് കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെക്കും’; ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വയനാട് പനമരം ഗ്രാമപഞ്ചായത്തിൽ കടുവയിറങ്ങിയ സംഭവത്തിൽ ഉദ്യോഗസ്ഥ വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. അനുയോജ്യമായ സ്ഥലത്ത് കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെക്കുമെന്നും അദ്ദേഹം അറിയിച്ചു. കടുവയെ പിടിച്ചു ജനങ്ങളുടെ ഭീതി അകറ്റണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
ഈ ഉദ്യമത്തിൽ നൂറിലധികം ഫോറസ്റ്റ് ഉദ്യോഗസ്ഥർ പങ്കാളികളാണെന്നും ഭീതിയുടെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ ഭരണകൂടവും പോലീസും നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണം. രാവിലെ എട്ടര മുതൽ ഓപ്പറേഷൻ ആരംഭിച്ചെന്നും ജനങ്ങളിൽ നിന്ന് നല്ല സഹകരണം ലഭിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പനമരം പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളായ നീർവാരം,അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5,6,7,19,20 വാർഡുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഡിസംബർ 17) ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകൾക്കും അവധി ബാധകമാണ്.

