പടക്കപ്പലില്‍ മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ; പരീക്ഷണം ഐഎന്‍എസ് സൂറത്തില്‍ നിന്ന്
1 min read

ഗുജറാത്തിലെ സൂറത്തില്‍ പടക്കപ്പലില്‍ മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് സൂറത്ത് നടത്തിയ മീഡിയം റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍( MRSAM) പരീക്ഷണം നാവികസേന വിജയകരമായി പൂര്‍ത്തിയാക്കി. കടലിലൂടെ നീങ്ങുന്ന ശത്രുവിനെ മിസൈല്‍ ഉപയോഗിച്ച് പിന്തുടര്‍ന്ന് തകര്‍ക്കാനുള്ള മിസൈല്‍ പരീക്ഷണമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഇസ്രയേലുമായി ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ച ഈ മിസൈലിന് 70 കിലോമീറ്ററോളം ഇന്റര്‍സെപ്ഷന്‍ പരിധിയുണ്ട്. മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. തദ്ദേശീയമായി ഇന്ത്യ നിര്‍മിച്ച പടക്കപ്പലിന്റെ നിര്‍മാണ മികവും ഡിസൈന്‍ പ്രത്യേകതകളും സാങ്കേതിക മികവും വിളിച്ചോതുന്നതാണ് ഇന്ന് വിജയകരമായി നടത്തിയ അഭ്യാസപ്രകടനം.ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ തദ്ദേശീയ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ഐഎന്‍എസ് സൂറത്ത് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇത് നാവികസേനയ്ക്ക് മറ്റൊരു നാഴികകല്ലാണെന്നും സേന തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ പ്രതികരിച്ചു.
