ചെസ്സിൽ വീണ്ടും ഇന്ത്യൻ തേരോട്ടം;ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം ചൂടി കൊനേരു ഹംപി; നേട്ടം രണ്ടാം തവണ

1 min read
SHARE

രാജ്യത്തേക്ക് മറ്റൊരു ചെസ് കിരീടം കൂടി. ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപിയാണ് കിരീടം നേടിയത്. 11-ാം റൗണ്ടില്‍ ഇന്‍ഡൊനീഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തി 8.5 പോയന്റോടെയാണ് ഹംപിയുടെ വിജയം. 2019-ല്‍ മോസ്‌കോയില്‍ കിരീടം നേടിയിരുന്നു. ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിലായിരുന്നു പോരാട്ടം നടന്നത്. ഇതോടെ രണ്ടു തവണ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഇന്ത്യയുടെ ഹംപിക്ക് സ്വന്തമായി. ചൈനയുടെ യു വെന്‍യുന് ആണ് ഇതിനു മുൻപ് രണ്ടു തവണ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്. ഇതോടെ ദൊമ്മരാജു ഗുകേഷിനു പിന്നാലെ ഭാരതത്തിലേക്ക് ഈ വർഷം ലോകചെസ് കിരീടമെത്തിക്കുന്ന രണ്ടാമത്തെ താരമായി ഹംപി മാറി. 2012-ല്‍ മോസ്‌കോയില്‍ നടന്ന റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും കഴിഞ്ഞ വര്‍ഷം ഉസ്‌ബെക്കിസ്താനിലെ സമര്‍കണ്ടില്‍ വെള്ളിയും ഹംപി നേടിയിട്ടുണ്ട്