ഇന്ത്യൻ പൗരന്മാരെ അമേരിക്ക നാടുകടത്തിയ വിഷയം; കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും
1 min read

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ അമേരിക്ക തിരികെ നാട്ടിലെത്തിച്ചത് മനുഷ്യത്വരഹിതമായ രീതിയെ ചോദ്യം ചെയ്ത് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ‘ഇന്ത്യൻ പൗരന്മാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെയും സർക്കാരിന്റെ ദുർബലമായ നിലപാടിനെയും കോൺഗ്രസ് ശക്തമായി എതിർക്കുന്നു. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തു’മെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എക്സിൽ കുറിച്ചു.
അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചത് ക്രൂരമായ രീതിയിലെന്ന് അമേരിക്കയിൽ നിന്നെത്തിയവർ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. 40 മണിക്കൂറിലധികമുണ്ടായ സൈനിക വിമാനത്തിലെ യാത്രയില്‍ കൈകാലുകളില്‍ വിലങ്ങണിയിച്ചാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഭക്ഷണം പോലും കൃത്യമായി കഴിക്കാന്‍ സാധിച്ചില്ലെന്നും രാജ്യത്ത് തിരിച്ചെത്തിയവർ വെളിപ്പെടുത്തിയിരുന്നു.
104 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ യുദ്ധ വിമാനം അമൃത്സർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തിരുന്നു. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. ഇന്ത്യക്കാരെ കൈവിലങ്ങിട്ടും കാല്‍ ബന്ധിച്ചും അമേരിക്കന്‍ സൈനികവിമാനത്തില്‍ എത്തിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷനേതാക്കളും എംപിമാരും പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിച്ചിരുന്നു.
