രണ്ടായിരത്തോളം മുസ്ലീങ്ങള്‍ ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത് യാഥാര്‍ഥ്യമാണ്, അവരെല്ലാം ഫ്ലൂ വന്നാണ് മരിച്ചതെന്ന് ആര്‍ക്കും പറയാന്‍ ആവില്ലല്ലോ ?” ‘എമ്പുരാനില്‍’ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

1 min read
SHARE

എന്തുകൊണ്ടാണ് എമ്പുരാന്‍ കത്തിവെക്കലിന് ഇരയാകുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ഭരണഘടന വിഭാവനം ചെയ്യുന്ന പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന് മേലാണ് ചോദ്യചിഹ്നം ഉയരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

സമഗ്രാധികാരം കൈവശമുള്ള ഒരു പ്രത്യയശാസ്ത്രവും ഭരണസംവിധാനവും ഒരു സിനിമയ്ക്കെതിരെ സട കുടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ അതിന്റെ മാനം വലുതാണെന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു.

സ്വന്തം സിനിമ എങ്ങിനെ നിര്‍മ്മിക്കണം, എന്തൊക്കെ സെന്‍സറിന് വിധേയമാക്കണം, എങ്ങനെ പ്രദര്‍ശിപ്പിക്കണം, പ്രദര്‍ശിപ്പിച്ച ശേഷം വീണ്ടും സെന്‍സര്‍ ചെയ്യണോ എന്നുള്ളതൊക്കെ ആ സിനിമയുടെ ശില്പികളുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കുറെ കാലത്തിനു ശേഷമാണ് തീയറ്ററില്‍ പോയി ഒരു സിനിമ കാണുന്നത് -എമ്പുരാന്‍. സിനിമയുടെ സവിശേഷതെയെക്കാള്‍ എനിക്ക് പ്രചോദനമായത് സമകാലിക രാഷ്ട്രീയ സാഹചര്യവും സിനിമയ്ക്കെതിരെ ഉയര്‍ന്ന അതി ശക്തമായ സമ്മര്‍ദ്ദങ്ങളുമായിരുന്നു. ഏതൊരു സിനിമയ്ക്കെതിരെയും വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയരാം. എന്നാല്‍ സമഗ്രാധികാരം കൈവശമുള്ള ഒരു പ്രത്യയശാസ്ത്രവും ഭരണസംവിധാനവും ഒരു സിനിമയ്ക്കെതിരെ സട കുടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ അതിന്റെ മാനം വലുതാണ്.
എമ്പുരാനില്‍ എനിക്ക് യോജിപ്പും വിയോജിപ്പുമുള്ള ഒട്ടേറെ ചേരുവകകള്‍ ഉണ്ട് . സിനിമയെ മാസ്സ് ലെവലിലേക്ക് മാറ്റുവാന്‍ പ്രയോഗിച്ച ഹോളിവുഡ് വിദ്യകള്‍ എനിക്കത്ര ഹൃദ്യമായോ എന്ന് ചോദിച്ചാല്‍ ഉറപ്പില്ല. സിനിമയുടെ ചേരുവകളിലെ രാഷ്ട്രീയത്തോട് പലര്‍ക്കും യോജിപ്പും വിയോജിപ്പും ഉണ്ടാകാം. അതൊക്കെ ഓരോരുത്തരുടെയും ആസ്വാദന-വ്യക്തി സ്വാതന്ത്ര്യം.

ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലമാണ് സിനിമക്ക് ഇഴ കോര്‍ക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അത്. രണ്ടായിരത്തോളം മുസ്ലിങ്ങള്‍ ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു എന്നത് യാഥാര്‍ഥ്യമാണ് .അവരെല്ലാം ഫ്ലൂ വന്നാണ് മരിച്ചതെന്ന് ആര്‍ക്കും പറയാന്‍ ആവില്ലല്ലോ ?
ചരിത്ര ആഖ്യാനങ്ങളെ മുന്‍നിര്‍ത്തി എത്രയോ സിനിമകള്‍ ഇതിനുമുന്‍പും നമ്മുടെ രാജ്യത്ത് തന്നെ ഉണ്ടായിട്ടുണ്ട്.ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോധ്ര സംഭവത്തെ മുന്‍നിര്‍ത്തിയാണ് The Sabarmati Report എന്ന സിനിമ.ബി ജെ പിയുടെ പ്രചരണ സിനിമാപട്ടികയില്‍ സ്ഥാനം പിടിച്ച ഒന്നാണത് . കേരളത്തെ അപമാനിക്കാന്‍ കൊണ്ടുവന്ന Kerala Story പോലെ , സബര്‍മതിക്ക് വേണ്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനായി എന്നതും ശ്രദ്ധേയം. The Kashmir Files ,Chhaava തുടങ്ങി ഈ ഗണത്തില്‍ പെടുന്ന ഒട്ടേറെ സിനിമകള്‍ നമുക്ക് തന്നെ ഓര്‍ത്തെടുക്കാന്‍ ആവുന്നില്ലേ? ആയിരത്തോളം സിക്കുകാര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തെ മുന്‍നിര്‍ത്തി അരഡസന്‍ സിനിമകള്‍ വന്നിട്ടില്ലേ? അതില്‍ അവസാനം ഇറങ്ങിയത് Jogi എന്ന ചിത്രമാണ്.

കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളെ നിശിതമായി വിമര്‍ശിക്കുന്ന എന്തിനേറെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമകള്‍ക്ക് ഇവിടെ ക്ഷാമമൊന്നുമില്ല. അപ്പോള്‍ എന്തുകൊണ്ടാണ് എമ്പുരാന്‍ കത്തിവെക്കലിന് ഇരയാകുന്നത്? ഭരണഘടന വിഭാവനം ചെയ്യുന്ന പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന് മേലാണ് ചോദ്യചിഹ്നം ഉയരുന്നത്. നമ്മുടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്നുള്ളതാണ് എന്നെ അലോസരപ്പെടുത്തുന്നത്.

സ്വന്തം സിനിമ എങ്ങിനെ നിര്‍മ്മിക്കണം, എന്തൊക്കെ സെന്‍സറിന് വിധേയമാക്കണം, എങ്ങനെ പ്രദര്‍ശിപ്പിക്കണം, പ്രദര്‍ശിപ്പിച്ച ശേഷം വീണ്ടും സെന്‍സര്‍ ചെയ്യണോ എന്നുള്ളതൊക്കെ ആ സിനിമയുടെ ശില്പികളുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ അതിലേക്ക് വഴിവെച്ച സമ്മര്‍ദ്ദങ്ങളുടെയും ഭീഷണികളുടെയും കനത്ത ഇരുള്‍ വീഥിയാണ് ഒരു പൗരന്‍ എന്ന നിലയില്‍ എന്നെ ശ്വാസം മുട്ടിക്കുന്നത് !