മഴ പെയ്തു; കശുവണ്ടി വിലയിടിഞ്ഞു

1 min read
SHARE

 

വേനല്‍മഴ പെയ്ത് തുടങ്ങിയതോടെ കശുവണ്ടി വില കുത്തനെ ഇടിഞ്ഞത് കർഷകരെ ആശങ്കയിലാക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കിലോയ്ക്ക് 160 രൂപയക്ക് മുകളില്‍ ലഭിച്ചിരുന്ന കശുവണ്ടിക്ക് ഇപ്പോള്‍ 140 രൂപയില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്.

ഒരോ മഴ കഴിയുന്പോഴും അഞ്ചു മുതല്‍ പത്തു രൂപ വരെ വിലയിടിച്ചില്‍ ഉണ്ടാകുകയാണെന്ന് കർഷകർ പറയുന്നു. വിലകുറച്ച്‌ കശുവണ്ടി ശേഖരിക്കാനുള്ള ലോബികളുടെ നീക്കമാണ് ഇതിനു പിന്നിലെന്നാണ് കർഷകർ ആരോപിക്കുന്നത്.

ഒരു പതിറ്റാണ്ടു മുമ്ബുവരെ ദിവസവും ലോഡുക്കണക്കിനു കശുവണ്ടിയാണ് മലയോര ഗ്രാമങ്ങളില്‍ നിന്നും കൊല്ലത്തെ ഫാക്ട‌റികളിലേക്ക് കയറ്റി അയച്ചിരുന്നത്. കവുങ്ങും തെങ്ങും രോഗം മൂലം നശിച്ചപ്പോള്‍ കർഷകർക്ക് പിടിവള്ളിയായിരുന്നത് കശുവണ്ടിയായിരുന്നു. എന്നാലിപ്പോള്‍ ആസൂത്രിത നീക്കത്തിലൂടെ വിലയിടിവുണ്ടാക്കിയതോടെ പലരും കശുമാവുകള്‍ വെട്ടി മാറ്റ് മറ്റ് കൃഷിയിലേക്ക് തിരിഞ്ഞു.

എല്ലാവർഷവും സീസണ്‍ ആരംഭത്തില്‍ സർക്കാർ പ്രഖ്യാപിക്കുന്ന തറവില അപര്യാപ്തമാണെന്ന് കർഷകർ പറയുന്നു. പലപ്പോഴും സർക്കാർ വിലയെക്കാള്‍ കൂടുതല്‍ വില പൊതുമാർക്കറ്റില്‍ ലഭിക്കും. എന്നാല്‍, വേനല്‍മഴ ആരംഭിച്ചാല്‍ ലോബികള്‍ ആസൂത്രിതമായി വിലിയിടിച്ച്‌ കശുവണ്ടി ശേഖരിക്കുകയാണ്.

സർക്കാർ സംഭരണം നടത്തി കർഷകന് ന്യായവില ലഭ്യമാണം. അങ്ങിനെയായാല്‍ മാത്രമേ കർഷകർക്ക് സീസണ്‍ മുഴുവൻ ന്യായവില ലഭിക്കുകയുള്ളൂവെന്നും കർഷകർ പറയുന്നു. തുടക്കത്തില്‍ ഉയർന്ന വില നല്‍കി സർക്കാർ സംഭരണം അട്ടിമറിച്ച്‌ പിന്നീട് വിലിയിടിച്ച്‌ ലാഭം നേടാനുള്ള ആസൂത്രിത തന്ത്രമാണ് പൊതുമാർക്കിറ്റിലേതെന്നും കർഷകർ പറഞ്ഞു.