January 23, 2026

ജ്യോതി ബാബുവിന് ജാമ്യം നൽകരുത്; TP വധക്കേസ് പ്രതിയായ CPIM നേതാവിന്റെ ജാമ്യാപേക്ഷയില്‍ എതിർപ്പുമായി സർക്കാർ.

SHARE

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സിപിഐഎം നേതാവുമായ ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. ഹീനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യാപേക്ഷ നല്‍കിയത്.നേരത്തെ ജ്യോതി ബാബുവിന് എളുപ്പം ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കൊലപാതക കേസാണെന്നും വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഡയാലിസിസിന് വിധേയനാകുന്നുവെന്നും വിദഗ്ധ ചികിത്സ ആവശ്യമെന്നും പറഞ്ഞായിരുന്നു ജ്യോതിബാബു കോടതിയെ സമീപിച്ചത്.ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.